JDS സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; കുരുക്കിലായി ദേവഗൗഡയുടെ കൊച്ചുമകൻ

0
219

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കര്‍ണാടകയില്‍ ചര്‍ച്ചയായി അശ്ലീല വീഡിയോ വിവാദം. കര്‍ണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. കര്‍ണാടക ജെ.ഡി.എസ്. അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടര്‍മാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ പരാതി നല്‍കിയത്.

സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഹസന്‍ ജില്ലയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സര്‍ക്കാരിന് അയച്ച കത്ത് പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ മുഖ്യ വക്താവ് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കോണ്‍ഗ്രസ് വിട്ട് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here