അരുണാചലിലെ മലയാളികളുടെ മരണം; മരിച്ച നവീന്‍റെ കാറില്‍ അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും

0
205

അരുണാചലിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും കണ്ടെടുത്തു. ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്.

‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മെയിലുകള്‍ അയച്ചത് നവീനാണെന്ന സംശയവും പൊലീസിനുണ്ട്. നവീന്റെ കോട്ടയത്തെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിട്ടുണ്ട്.

മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണു ഇവര്‍ ശ്രമിച്ചത്. ആ സംശയം സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും.

ഇക്കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് അധ്യാപികയായ ആര്യയെ കാണാതായി. തുടർന്ന് ഏപ്രില്‍ രണ്ടിന് അരുണാചല്‍ പ്രദേശില്‍ ഒരു ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

അന്ധവിശ്വാസം പിന്തുടര്‍ന്ന് ഒടുവില്‍ മരണം വരിക്കേണ്ട നിലയിലെത്തിയതാകാം മൂവരുമെന്ന സംശയം തുടക്കം മുതല്‍ തന്നെ ഉണ്ട്. ഇതിനുതക്ക പല തെളിവുകളും പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാലിത് ഉറപ്പിച്ച് പറയാൻ അന്വേഷണം പൂർത്തിയായാൽ മാത്രമേ സാധിക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here