ബിജെപിയില്‍ ചേരാന്‍ 25 കോടിയും മന്ത്രി സ്ഥാനവും വാഗ്ദാനം; ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ

0
140

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വീണ്ടും ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ. എഎപി എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നാൽ 25 കോടിയും മന്ത്രി സ്ഥാനവും നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഋതുരാജ് ത്സാ ആരോപിച്ചു. അതേസമയം ഋതുരാജ് ത്സായുടെ ആരോപണം ബിജെപി തള്ളി.

പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടാണ് ബിജെപി തന്നെ സമീപിച്ചതെന്ന് ഋതുരാജ് ത്സാ പറഞ്ഞു. ഇതിനായി തനിക്ക് 25 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെയായിരുന്നു ഋതുരാജ് ത്സായുടെ ആരോപണം. എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഋതുരാജ് ത്സാ കുറ്റപ്പെടുത്തി.

ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ബിജെപിയിൽ ചേരാനുള്ള വാഗ്ദാനവുമായി ചിലർ തന്നെ സമീപിച്ചതെന്ന് ഋതുരാജ് ത്സാ പറഞ്ഞു. മൂന്നുനാലു പേർ തന്നെ മാറ്റിനിർത്തി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും കിട്ടില്ലെന്നും ഡൽഹിയിൽ തങ്ങൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു. 10 എംഎൽഎമാരെ കൊണ്ടുവരാനും ഓരോരുത്തർക്കും 25 കോടി രൂപ നൽകാമെന്നും അവർ പറഞ്ഞു. ഇങ്ങനെ ചെയ്താൽ ബിജെപി സർക്കാരിൽ തന്നെ മന്ത്രിയാക്കാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു.

അതേസമയം ഋതുരാജ് ത്സായുടെ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. സംഭവത്തിൽ ആംആദ്മി പൊലീസില്‍ പരാതി നൽകിയിട്ടുണ്ടോയെന്ന് ബിജെപിയുടെ രോഹിണി എംഎൽഎ വിജേന്ദർ ഗുപ്ത ചോദിച്ചു. നേരത്തെയും ഇത്തരം ആരോപണങ്ങളുമായി ആംആദ്മി വന്നിരുന്നുവെന്നും എത്രനാൾ അവർ കള്ളം പറയുമെന്നും ശ്രീ ഗുപ്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here