മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ, ഒമാന്‍റെ പ്രഖ്യാപനം നാളെ

0
154

ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.

നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.

പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഇത്തവണ ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം.

യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.

ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് കുവൈത്തിൽ അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

ഒമാനിൽ ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Media vision news WhatsApp Channel on https://whatsapp.com/channel/0029Va9HK8V8vd1PmQCSRq0K

LEAVE A REPLY

Please enter your comment!
Please enter your name here