ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്‍ലെ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന രണ്ട് ബേബി ഫുഡ് ബ്രാൻഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ട്. അതേസമയം, യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയായ ‘പബ്ലിക് ഐ‘യുടെ റിപ്പോർട്ടിൽ പറയുന്നു.
നെസ്‍ലെയുടെ ധാന്യപ്പൊടിയിലും നവജാതശിശുക്കൾക്കുള്ള പാലിലും പഞ്ചസാരയും തേനും ചേർക്കുന്നത് അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. എന്നാൽ ഏഷ്യന്‍, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് ലംഘനങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.