സംഘ്‌പരിവാറിന്റെ ബ്രെയിൻവാഷ് അജണ്ട, ഹിന്ദുവികാരം കത്തിക്കുന്ന മോദി മാഫിയ; തുറന്നുകാട്ടി ധ്രുവ് റാഠി

0
251

2014ല്‍ സീറോ സബ്സ്ക്രൈബേഴ്സുമായി തുടങ്ങിയ ചാനല്‍ കൃത്യം പത്താം വര്‍ഷത്തിലെത്തുമ്പോള്‍ 18 മില്യണ്‍ സബ്സ്ക്രൈബേഴ്‌സ്‌. . ഇലക്ടറല്‍ ബോണ്ട്, ഇ.വി.എം, മണിപ്പൂര്‍, തൊഴിലില്ലായ്മ, സര്‍ജിക്കല്‍ സ്ട്രൈക്ക്, നോട്ടുനിരോധനം, ഗോമാതാവും ഇന്ത്യയും എന്നിങ്ങനെ സംഘ്പരിവാർ രാഷ്ട്രീയത്തിൽ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടി. ഇന്ന് ഭരണകൂടത്തിന്റെ ശക്തനായ രാഷ്ട്രീയ എതിരാളിയായി മാറിയിരിക്കുന്നു ധ്രുവ് റാഠി എന്ന 29കാരൻ.

ധ്രുവിന്റെ ഓരോ വീഡിയോയും ജനങ്ങളിലേക്ക് വളരെ ആഴത്തിലാണ് എത്താറുള്ളത്. മോദി ഭരണകൂടത്തിന് നേരെ ഉന്നംതെറ്റാതെ വിമര്‍ശനത്തിന്‍റെ കൂരമ്പുകൾ എറിയുന്ന ധ്രുവിന്റെ പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. സംഘ്പരിവാറിന്റെ ഹിന്ദു- മുസ്‌ലിം ബ്രെയിൻവാഷ് അജണ്ട പൊളിച്ചുകൊണ്ടാണ് റിയാലിറ്റി ഓഫ് ‘മേരാ അബ്‌ദുൾ’ എന്ന ക്യാപ്ഷ്യനോടെ ധ്രുവ് പുതിയ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

12 മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്‌ത വീഡിയോ ഇതിനോടകം 4,982,715 പേരാണ് കണ്ടത്. ഒന്നര ലക്ഷത്തിലധികം പേർ കമന്റ് ബോക്‌സിൽ പ്രതികരിക്കുകയും നിരവധി ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഹിന്ദു വികാരം കത്തിക്കുന്നതാര്?

കഴിഞ്ഞ വർഷം ഏപ്രിലിൽ രാംനവമിയുടെ സമയം ആഗ്രയിൽ ഗോഹത്യയുടെ പേരിൽ കുറച്ചുപേർ പിടിയിലാകുന്നു. പിന്നാലെ ആഗ്രയിൽ വർഗീയ സംഘർഷം ഉടലെടുക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. 2022 ആഗസ്റ്റിലും സമാന സംഭവം ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ കനൌജ് ജില്ലയിൽ ഒരു ശിവക്ഷേത്രത്തിന് മുന്നിൽ ആരോ മാംസം വലിച്ചെറിഞ്ഞതും വർഗീയ സംഘർഷങ്ങൾക്ക് തുടക്കമിട്ടു. മെയ് 2020ൽ കോയമ്പത്തൂർ ക്ഷേത്രത്തിന് മുന്നിലും മാംസം വലിച്ചെറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2024ൽ ഉത്തർപ്രദേശിലെ മൊറാദാബാദിലും ഗോഹത്യയുടെ പേരിൽ കുറച്ചുപേർ പിടിയിലാകുന്നു.

ഈ വാർത്തകളെല്ലാം കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ഒരു ചോദ്യം ഉയർന്നുവന്നേക്കാം. ആരാണ് ഹിന്ദുവികാരം വ്രണപ്പെടുത്താൻ സജീവമായി ശ്രമിക്കുന്നത്? ആർക്കുനേരെയാണ് ഹിന്ദുക്കളെ ഇളക്കിവിടാൻ ശ്രമിക്കുന്നത്? ഇതിന്റെ ഉത്തരം ഒരിക്കലും നിങ്ങൾ ചിന്തിക്കുന്നത് ആയിരിക്കില്ല.

യുപിയിലെ ഗോഹത്യാ കേസിന്റെ അന്വേഷണത്തിനൊടുവിൽ പിടിയിലായത് ഹിന്ദു മഹാസഭയിലെ അംഗങ്ങളായിരുന്നു. വർഗീയ സംഘർഷം ഉണ്ടാക്കുക മാത്രമായിരുന്നു ഉദ്ദേശം. യുപിയിലെ ശിവക്ഷേത്രത്തിന് മുന്നിൽ മാംസം എറിഞ്ഞ കേസിൽ പിടിയിലായ പ്രതിയുടെ പേര് ചഞ്ചൽ ത്രിപാഠി. ഇതിനായി ഒരു മുസ്ലിം കശാപ്പുകാരന് ഇയാൾ നൽകിയത് 10000 രൂപയാണ്.എസ്‌എച്ച്ഒ ഹരി ശ്യാം സിംഗിനോടുള്ള മുൻവൈരാഗ്യമാണത്രേ കാരണം.

കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ മാംസം വലിച്ചെറിഞ്ഞത് സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ ഹരി രാംപ്രകാശ് എന്നയാളാണ്. പൊലീസ് പറയുന്നതനുസരിച്ച് ഇയാൾ മാനസികരോഗിയായിരുന്നു. മൊറാദാബാദിലെ ഗോഹത്യയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ ഒരാൾ ബജ്റംഗ്‌ദൾ നേതാവും. മുസ്‌ലിമായ ഒരാളെ കള്ളക്കേസിൽ കുടുക്കാൻ നാലുപേരും ചേർന്ന് ഗോഹത്യ നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പശുവിനെ കൊല്ലാനായി ഇവർ സഹായം തേടിയത് മുസ്‌ലിമായ ഒരാളിൽ നിന്ന് തന്നെയാണ്.

ഗോമാതാവിനെ മുൻനിർത്തി വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് സംഘ്‌പരിവാർ തന്നെയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു.

സംഘ്‌പരിവാർ മാഫിയ

മാധ്യമങ്ങൾ വഴിയും വാട്‍സ് ആപ്പ് വഴിയും നമ്മുടെ രാജ്യത്ത് ഒരു വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ഹിന്ദുക്കളെയും ബ്രെയിൻവാഷ് ചെയ്യുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. സ്വേച്ഛാധിപതികളുടെ കയ്യിലെ പാവകളാക്കി അവരെ മാറ്റാനാണ് ശ്രമം. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെയാണ് അവർ ഇതിനായി ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്.

ഹിന്ദുക്കളെ ബ്രെയിൻവാഷ് ചെയ്യാനായി നാല് വിഭാഗങ്ങളായാണ് മാഫിയ പ്രവർത്തിക്കുന്നത്. ആദ്യത്തെ വിഭാഗം നിങ്ങളുടെയുള്ളിൽ മതപരമായ അഹന്തയും അനാവശ്യമായ അഹംഭാവവും കുത്തിവെക്കാനാണ് പ്രവർത്തിക്കുന്നത്. ജീവിതത്തിൽ ഗതിപിടിച്ചിട്ടില്ലാത്തവരാണ് നിങ്ങൾ എങ്കിൽ കൂടി ഈ മതത്തിൽ അല്ലെങ്കിൽ ജാതിയിൽ ജനിച്ച് ജീവിച്ച ഒറ്റക്കാരണത്താൽ നിങ്ങൾ മഹാനാണെന്ന് അവർ വിശ്വസിപ്പിക്കും. ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കളെയാണ് പ്രധാനമായും ഈ വിഭാഗം ലക്ഷ്യംവെക്കുന്നത്.

ഇരവാദം മുന്നിൽ നിർത്തി പ്രവർത്തിക്കുന്നവരാണ് മാഫിയയിലെ രണ്ടാം വിഭാഗക്കാർ. നൂറ്റാണ്ടുകളായി നിങ്ങൾ പീഡനം സഹിച്ചാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ഇവർ രംഗത്തെത്തും. മൂന്നാമത്തെ വിഭാഗം രക്ഷകരാണ്, നിങ്ങൾ വലിയൊരു അപകടത്തിലാണെന്നാണ് ഇവരുടെ പക്ഷം. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഭീഷണി നേരിടുന്നതായും ഇവർ വിശ്വസിപ്പിക്കും. ഏത് നിമിഷവും ഒരു പ്രത്യേക വിഭാഗക്കാർ നിങ്ങളെ ആക്രമിക്കുമെന്നും ഇക്കൂട്ടർ പറയുന്നു.

നരേന്ദ്രമോദിയെ പുണ്യാളൻ ആക്കുന്നവരാണ് നാലാമത്തെ മാഫിയ വിഭാഗം. നിങ്ങളെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെന്നുണ്ടെങ്കിൽ അത് മോദിയെന്ന ഒരാൾക്ക് മാത്രമേ സാധിക്കൂ, അതുകൊണ്ട് അദ്ദേഹത്തിന് മാത്രം വോട്ടുചെയ്യൂ എന്നവർ പ്രസംഗിക്കും. ഇതിൽ മൂന്നും നാലും വിഭാഗക്കാരാണ് ആളുകളെ നേരിട്ട് ലക്ഷ്യംവെക്കുന്നത്.

‘മേരാ അബ്‌ദുൾ’ യാഥാർഥ്യം

2022ൽ ഡൽഹിയിലെ ശ്രദ്ധ വാൾക്കർ കേസ് ആരും മറക്കാൻ ഇടയില്ല. സുഹൃത്തായ അഫ്‌താബ്‌ പൂനെവാല അതിക്രൂരമായി കൊലപ്പെടുത്തി ശരീരം കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ ഒളിപ്പിച്ചു. എന്നാൽ, ഈ ഒരൊറ്റ കേസ് രാജ്യത്തെ എല്ലാ മുസ്‌ലിംകൾക്കെതിരെയും വെറുപ്പ് പടർത്താനാണ് ഗോദി മീഡിയ ഉപയോഗിച്ചത്. ഇതിന്റെ പേരിൽ നാഷണൽ ബ്രോഡ്‌കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്‌സ് അതോറിറ്റി (NBDSA) മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിന് 50,000 രൂപ പിഴചുമത്തി. ടൈംസ് നൗ നവ് ഭാരതിനും ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്നു. ഈ കേസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വെറുപ്പിനും കണക്കുണ്ടായിരുന്നില്ല.

‘എന്റെ അബ്ദുൽ ഇങ്ങനെയല്ല’ (മേരാ അബ്ദുൽ ഐസാ നഹീ ഹൈ) എന്ന പേരിൽ സുദർശൻ ടിവി ഒരു പ്രോഗ്രാം നടത്തിയിരുന്നു. തുടർന്ന്, ട്വിറ്ററിലും സീ ന്യൂസ് അടക്കമുള്ള ചാനലുകളിലും ഈ തലക്കെട്ട് ഉപയോഗിക്കപ്പെട്ടു. വാട്‍സ് ആപ് മാഫിയയും അബ്ദുൽ എന്ന നാമം ഉപയോഗിച്ച് വെറുപ്പ് പടർത്തി കൊണ്ടിരുന്നു. ഈ പോസ്റ്റുകളും മാധ്യമങ്ങളുമെല്ലാം ഒരു കാര്യമാണ് ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചത്, ഏതൊരു മുസ്ലിമിലും ഒരു കൊലപാതകി ഉണ്ട് എന്ന്. ഇവിടെ അബ്ദുൽ എന്ന പ്രയോഗം എല്ലാ മുസ്ലിംകളെയും അഭിസംബോധന ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽ നിന്നൊരു വാർത്ത പുറത്തുവന്നിരുന്നു. ഫയാസ് എന്ന മുസ്ലിം ചെറുപ്പക്കാരൻ നേഹ എന്ന ഹിന്ദു യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. വീണ്ടും വാട്‍സ് ആപ് മാഫിയ ഉണരുകയും എല്ലാ മുസ്ലിംകളുടെ പേരിലും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളെ ബ്രെയിൻവാഷ് ചെയ്‌ത്‌ തങ്ങൾ സുരക്ഷിതരല്ല എന്ന് അവരുടെ മനസ്സിൽ കുത്തിവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ വോട്ട് മോദിക്ക് നൽകണം.

ബ്രെയിൻവാഷ് ചെയ്യപ്പെട്ടവർക്ക് ഇതൊന്നും തെറ്റായി തോന്നണമെന്നില്ല. അവർ ഈ വാർത്തകൾ അക്കമിട്ട് നിരത്തി ന്യായീകരിക്കും. മുസ്‌ലിംകളാണ് ഹിന്ദുക്കളെ കൊല്ലുന്നത്, ഹിന്ദു യുവതികളെ പ്രണയം നടിച്ച് കൊലപ്പെടുത്തുകയാണ് എന്നിങ്ങനെ ന്യായീകരണം തുടരും. ഒന്നിന് പകരം പത്ത് സംഭവങ്ങൾ അവർ നിരത്തും. ശ്രദ്ധ- അഫ്താബ്, ഫയാസ്- നേഹ, സാക്ഷി സാഹിൽ ഖാൻ, നിഖിത- തൗസീഫ്, അങ്കിത- ഷാരൂഖ് ഈ കേസുകളെല്ലാം നിരത്തി അവർ നിങ്ങളോട് പറയും… ഞാൻ പറഞ്ഞില്ലേ, എല്ലാ മുസ്‌ലിംകളും ഇങ്ങനെ തന്നെയാണ്. അവരുടെയെല്ലാം ഉള്ളിൽ ഒരു കൊലപാതകിയുണ്ട്.

എന്താണ് ഇതിന് പിന്നിലെ സത്യം? ശ്രദ്ധ വാൾക്കർ കേസിന് രണ്ടാഴ്‌ചക്ക് ശേഷം പാണ്ഡവ് നഗറിൽ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ജൻ ദാസ് എന്നയാളെ ഭാര്യ പൂനം കൊലപ്പെടുത്തി ശ്രദ്ധ കേസിന് സമാനമായ രീതിയിൽ മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൂന്നുമാസങ്ങൾക്ക് ശേഷം ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലെ നജാഫ്‌ഗറിൽ സാഹിൽ ഗെഹ്‌ലോട്ട് എന്നയാൾ പങ്കാളിയായ നിക്കി യാദവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്‌ജിൽ ഒളിപ്പിച്ചു. ഇതേദിവസം ഇയാൾ മറ്റൊരു വിവാഹവും കഴിച്ചു.

ഈ രണ്ടുകേസുകളും ശ്രദ്ധ- അഫ്‌താബ്‌ കേസിന് സമാനമാണ്. ഒരു വ്യത്യാസം മാത്രം, ഇതിലൊന്നും ഹിന്ദു- മുസ്‌ലിം എന്ന വൈവിധ്യമില്ല. അതിനാൽ തന്നെ ഈ കേസുകളൊന്നും നിങ്ങൾ കേട്ടിട്ടുമുണ്ടാകില്ല. മാധ്യമങ്ങൾ ഇവ ചർച്ച ചെയ്തിട്ടുമുണ്ടാകില്ല. ഹിന്ദുവായ ഒരാൾ ഒരു മുസ്‌ലിം പെൺകുട്ടിയെ കൊലപ്പെടുത്തിയാൽ ഗോദി മീഡിയ അത് കണ്ടില്ലെന്ന് വെക്കും. കഴിഞ്ഞ ജൂലൈയിൽ ബിഹാറിൽ അമൻ കുമാർ സിങ് എന്നയാൾ 17കാരിയായ സോനം പർവീനെ കൊലപ്പെടുത്തിയ കേസിൽ സംഭവിച്ചത് ഇതാണ്.

കൊലപാതകി ഹിന്ദുവായ കേസുകൾ നിരവധി കഴിഞ്ഞ രണ്ടുവർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സംഘപരിവാർ മാഫിയ ഒരിക്കലും ഇവ പ്രചരിപ്പിക്കില്ല, സംസാരിക്കില്ല. എല്ലാ ഹിന്ദുക്കളുടെയും ഉള്ളിൽ ഒരു കൊലപാതകിയുണ്ടെന്ന പ്രചാരണം ഇവിടെയുണ്ടാകുന്നില്ല. 600 മില്യൺ ഹിന്ദുക്കൾ നമ്മുടെ രാജ്യത്ത് താമസിക്കുന്നുണ്ട്. 10- 30 കേസുകളുടെ അടിസ്ഥാനത്തിൽ ഹിന്ദു സമൂഹത്തെ സാമാന്യവൽക്കരിക്കുക സാധ്യമല്ല. ഇതുപോലെ തന്നെയാണ് മുസ്‌ലിംകളുടെ കാര്യവും. കോടിക്കണക്കിന് മുസ്‌ലിംകൾ രാജ്യത്ത് ജീവിക്കുന്നു. ഇവരെയെല്ലാം കൊലപാതകികൾ എന്ന് മുദ്രകുത്തുന്നത് വിഡ്ഢിത്തമാണ്. നിങ്ങളുടെ വെറുപ്പ് നിറഞ്ഞ മനസാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

എൻസിആർബി റിപ്പോർട്ട് പ്രകാരം 2022ൽ ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ 4,50000 കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്. ഇതിൽ 28,522 കേസുകളിൽ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടതിൽ 8,125 പേരും സ്ത്രീകളാണ്. ഒരു വർഷത്തിൽ 8000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കൊലയാളി ഹിന്ദുവോ മുസ്‌ലിമോ മറ്റേതെങ്കിലും മതത്തിൽ പെട്ടവരോ ആകാം. പക്ഷേ, കൊല ചെയ്‌തത്‌ ഒരു മുസ്‌ലിമും കൊല്ലപ്പെട്ടത് ഒരു ഹിന്ദുവും ആണെന്ന് കണ്ടാൽ മാത്രമാണ് പലരുടെയും ശബ്‌ദം പുറത്തേക്ക് വരികയുള്ളൂ.

മനുഷ്യത്വമുള്ളവർ എല്ലാ സംഭവങ്ങളിലും ശബ്‌ദമുയർത്തും, ഒരുപോലെ പ്രതികരിക്കും. എന്തുകൊണ്ടാണ് സ്ത്രീകൾക്കെതിരായ അക്രമം തടയാൻ സാധിക്കാത്തത് എന്ന് സർക്കാറിനോട് ചോദ്യം ഉന്നയിക്കും. നീതി എന്നത് എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here