ഉത്തരക്കടലാസിൽ ജയ് ​ശ്രീറാം എഴുതിയ വിദ്യാർത്ഥികളെ ജയിപ്പിച്ചു; യുപിയിൽ പ്രൊഫസർമാർക്ക് സസ്‍പെൻഷൻ

0
117

ലഖ്‌നൗ: പരീക്ഷയ്ക്ക് ഉത്തരങ്ങൾക്കു പകരം ജയ് ശ്രീറാം എന്ന് എഴുതിയതിന് വിദ്യാർഥികൾക്ക് പാസ് മാർക്ക് നൽകി അധ്യാപകർ. ഉത്തർപ്രദേശിലെ സർക്കാർ സർവകലാശാലയായ ജോൻപൂരിലെ വീർ ബഹദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്‌സിറ്റി(വി.ബി.എസ്.പി.യു) ആണു സംഭവം. വിദ്യാർഥികളുടെ പരാതിയിൽ രണ്ട് അധ്യാപകരെ സർവകലാശാലാ അധികൃതർ സസ്‌പെൻഡ് ചെയ്തു.

വി.ബി.എസ്.പി സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ് എന്ന യുവാവിന്റെ വിവരാവകാശ അപേക്ഷയിലാണു പരീക്ഷാതട്ടിപ്പ് വെളിച്ചത്തായത്. 2023ലെ ഫാർമസി ബിരുദ ബാച്ചിലെ ആദ്യ വർഷ ബിരുദ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിവ്യാൻഷു അപേക്ഷ നൽകിയത്. 18 വിദ്യാർഥികളുടെ റോൾ നമ്പറുകൾ ഉൾപ്പെടെ നൽകിയായിരുന്നു ആർ.ടി.ഐ അപേക്ഷ.

അധ്യാപകരായ വിനയ് വർമ, ആശിഷ് ഗുപ്ത എന്നിവർ കോഴ വാങ്ങി വിദ്യാർഥികൾക്കു പാസ് മാർക്ക് നൽകിയെന്ന് ദിവ്യാൻഷു ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലത്തോടൊപ്പം സർവകലാശാലയ്ക്കും സംസ്ഥാന ഗവർണർക്കും പരാതി നൽകുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഉത്തരക്കടലാസിൽ അറിയാത്ത ഉത്തരത്തിനു നേരെ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർഥികളെയാണ് പാസ് മാർക്ക് നൽകി വിജയിപ്പിച്ചിരിക്കുന്നത്. ഉത്തരക്കടലാസിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി നിറച്ചവർക്കും പാസ് മാർക്ക് ലഭിച്ചിട്ടുണ്ട്. 50 ശതമാനത്തിലേറെ മാർക്ക് നൽകിയാണ് എല്ലാവരെയും വിജയിപ്പിച്ചിരിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ദിവ്യാൻഷു നൽകിയ പരാതിയിൽ ഡിസംബറിലാണ് യു.പി രാജ്ഭവൻ ഇടപെട്ടത്. സംഭവത്തിൽ ഗവർണർ അന്വേഷണത്തിന് ഉത്തരവിടുകയും സർവകലാശാല എൻക്വയറി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. തുടർന്ന് വിവാദ ഉത്തരക്കടലാസുകൾ സ്‌ക്രൂട്ടിനി കമ്മിറ്റി വീണ്ടും പുനർമൂല്യനിർണയം നടത്തിനോക്കിയപ്പോഴാണ് മാർക്കുദാന തട്ടിപ്പിന്റെ വിവരങ്ങൾ പുറത്താകുന്നത്.

നേരത്തെ അധ്യാപകർ 50 ശതമാനത്തിലേറെ മാർക്ക് നൽകിയ പലർക്കും അതിന് അർഹതയില്ലെന്നു മാത്രമല്ല മാർക്കിൽ വലിയ അന്തരവും കണ്ടെത്തി. 18 പേരിൽ രണ്ടുപേരുടെ മാർക്ക് യഥാക്രമം 52ൽനിന്നും 34ൽനിന്നും പൂജ്യവും നാലുമായാണ് പുനർമൂല്യനിർണയത്തിൽ കുറഞ്ഞത്.

തുടർന്ന് അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അന്വേഷണ സമിതിയുടെ ഉത്തരവിടുകയും ചെയ്തു. സമിതിയുടെ നിർദേശപ്രകാരം കുറ്റവാളികളായ രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തതായി വി.ബി.എസ്.പി.യു വൈസ് ചാൻസലർ വന്ദന സിങ് പ്രതികരിച്ചു. അന്വേഷണ സമിതിയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്ഭവനു കൈമാറിയിട്ടുണ്ടെന്നും ഗവർണർ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

കുറ്റവാളിലൊരാളായ വിനയ് വർമയുടെ പേരിൽ പരീക്ഷാ ക്രമക്കേടിനു നേരത്തെയും കേസ് നിലവിലുണ്ട്. ഇതേതുടർന്ന് ഭരണ ചുമതലകളിൽനിന്ന് ഇയാളെ നീക്കംചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here