2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയ്ക്കായി ഓപ്പണിംഗ് ജോഡിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടീമിന്റെ ഡിഫോള്‍ട്ട് ഓപ്പണറായി രോഹിത് ശര്‍മ്മ തുടരുമെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഏറെയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും ഫോമിലായതോടെ ചര്‍ച്ച കൂടുതല്‍ ഊഹാപോഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
ഓപ്പണിംഗ് റോളിലേക്ക് നിരവധി ക്രിക്കറ്റ് പണ്ഡിതന്മാരും വിരാട് കോഹ്ലിയുടെ പേര് മുന്നോട്ട് വച്ചിട്ടുണ്ട്. ഐപിഎല്‍ 2024 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കോഹ്ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ യശസ്വി ജയ്സ്വാളും രോഹിത് ശര്‍മ്മയുമാകണം. വലംകൈ-ഇടതുകൈ കോമ്പിനേഷനാണ് ഇതിന് കാരണം. യശസ്വി ജയ്സ്വാളിന്റെ അന്താരാഷ്ട്ര സ്ട്രൈക്ക് റേറ്റ് 160 ആണെന്നും ആ ഫയര്‍ അനിവാര്യമാണന്നും മറക്കരുത്. വിരാട് ഓപ്പണ്‍ ചെയ്താല്‍ പ്ലേയിംഗ് ഇലവന്‍ ഒരു പ്രത്യേക രീതിയിലേക്ക് മാറും.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍, ശിവം ദുബെ കളിക്കുന്നത് നിങ്ങള്‍ കണ്ടേക്കാം. പ്ലെയിംഗ് ഇലവനില്‍ റിങ്കു സിംഗിനെപ്പോലുള്ളവരെ നിങ്ങള്‍ കണ്ടേക്കാം. എന്നാല്‍ മൂന്നാം നമ്പറില്‍ വിരാട് ബാറ്റ് ചെയ്താല്‍ അത് നടക്കില്ല. അതിനാല്‍ അതൊരു വലിയ വെല്ലുവിളിയാണ്- പത്താന്‍ പറഞ്ഞു.