ഐപിഎലിലെ മുംബൈ-പഞ്ചാബ് മത്സരം വിവാദത്തില്‍. മുംബൈ ബാറ്റിംഗിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുന്നതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മത്സരത്തില്‍ പല വിചിത്ര തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്തുനിന്ന് കാണാനായി. ഇപ്പോഴിതാ തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടിരിക്കുകയാണ് ഓസീസ് മുന്‍ താരം ടോം മൂഡി.
കഗിസോ റബാഡയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നല്‍കാത്തതാണ് വിവാദത്തിന് ആധാരം. 16ാം ഓവറിലെ രണ്ടാം പന്തില്‍ റബാഡയുടെ സ്ലോ ബോള്‍ സൂര്യകുമാറിന്റെ പാഡില്‍ തട്ടി. ലെഗ് സൈഡിലേക്ക് സൂര്യകുമാര്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് തട്ടി പാഡില്‍ തട്ടുകയായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് തീരുമാനം റിവ്യൂ ചെയ്തു.
എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളാതെ കടന്നുപോകുന്നതായാണ് കണ്ടത്. ഇതോടെ നോട്ടൗട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ പന്തിന്റെ ദിശ ലെഗ് സ്റ്റംപിന്റെ മുകളില്‍ തട്ടുന്ന നിലയിലായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കാനാണ് അംപയര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ തീരുമാനമാണ് വിവാദമായിരിക്കുന്നത്. അംപയര്‍ കോള്‍ ഔട്ടാണെന്നിരിക്കെ പന്ത് സ്റ്റംപിന്റെ മുകളില്‍ തട്ടിയതിനാല്‍ വിക്കറ്റ് നല്‍കണമെന്നാണ്.
തേര്‍ഡ് അംപയര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മൂഡി ചോദിക്കുന്നത്. ‘സ്പെഷ്യലിസ്റ്റ് തേര്‍ഡ് അംപയറെ പരിഗണിക്കേണ്ട സമയമായിരിക്കുകയാണ്. പല തീരുമാനങ്ങളും ചോദ്യമുയര്‍ത്താവുന്നതാണ്. ചില അംപയര്‍മാരെ ഫീല്‍ഡിലേക്ക് മാത്രമായി പരിഗണിക്കേണ്ടതാണ്. തേര്‍ഡ് അംപയര്‍ക്ക് അനുഭവസമ്പത്തും പ്രത്യേക കഴിവും വേണ്ടതാണ്- മൂഡി എക്‌സില്‍ കുറിച്ചു.
It’s time we considered having specialist 3rd umpires, too many questionable decisions being made.
Some umpires are better suited on field, the 3rd umpire requires experience and a certain skill set. #IPL— Tom Moody (@TomMoodyCricket) April 18, 2024