ഇൻബോക്സിൽ കിട്ടിയാൽ ഉടനെ ഡിലീറ്റ് ചെയ്യണം, അല്ലെങ്കിൽ ശക്തമായ നടപടി; ഇത് ഗുരുതരമായ പ്രശ്നമെന്ന് സുപ്രീം കോടതി

0
199

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

28 വയസുകാരനായ യുവാവ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. എന്നാൽ ഇതിനെ ക്രൂരമെന്നാണ് നേരത്തെ ഇതേ കേസ് പരിഗണിക്കവെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ആരോപണ വിധേയനായ യുവാവിന് 2019 ജൂൺ 14നാണ് ഈ വീഡിയോ ലഭിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാട്സ്ആപിൽ ലഭിച്ച വീഡിയോ തനിയെ ഡൗൺലോഡ് ആവുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. കേസിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here