യു.എ.ഇയിൽ 75 വർഷത്തിനിടയിലെ കനത്തമഴ: മലവെള്ളപ്പാച്ചിലിൽ ഒരു മരണം, മിക്ക നഗരങ്ങളിലും വെള്ളക്കെട്ട്

0
160

ദുബൈ: യു.എ.ഇയിൽ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

1949 ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യു.എ.ഇ ഇന്നലെ സാക്ഷ്യം വഹിച്ചത്. അൽഐനിലെ ഖത്തമുൽ ശഖ്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. റാസൽഖൈമയിലെ വാദി ഇസ്ഫാനിയിലാണ് മലവെള്ളപാച്ചിലിൽ കുടുങ്ങി നാൽപത് വയസുകാരനായ യു.എ.ഇ സ്വദേശി മരിച്ചത്.

റൺവേയിൽ വെള്ളം കയറിയാതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ താൽകാലികമായി നിർത്തിവെച്ചിരുന്നു. 45 ലേറെ വിമാനങ്ങൾ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയർപോർട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്. ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈയുടെ ഇന്നലത്തെ മുഴുവൻ സർവീസുകളും റദ്ദാക്കി. ഇന്ന് രാവിലെ പത്ത് വരെയുള്ള സർവീസുകളെയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.

അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, അൽഐൻ തുടങ്ങി മിക്ക യു.എ.ഇ നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു. ഏഴ് എമിറേറ്റുകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പ്രധാനഹൈവേയായ ശൈഖ് സായിദ് റോഡിൽ വെള്ളം കയറിയതിനാൽ യാത്രക്ക് മറ്റ് ഹൈവേകൾ തെരഞ്ഞെടുക്കണമെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗൾഫ് മേഖലയിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യു.എ.ഇയിക്ക് പുറമേ ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here