മുന്‍ ഹരിത നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി മുസ്‍ലിം ലീഗ് നേതൃത്വം; ഫാത്തിമ തഹലിയ സംസ്ഥാന സെക്രട്ടറി

0
219

കോഴിക്കോട്: ഹരിത-എംഎസ്എഫ് തര്‍ക്കത്തില്‍ നടപടി നേരിട്ട മുന്‍നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി നേരിട്ട വനിതാ നേതാക്കള്‍ക്കടക്കം ഭാരവാഹിത്വം നല്‍കിയിരിക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ്. പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെത്തുന്നത്.

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂര്‍, മുഫീദ തസ്‌നി, എന്നിവരെ വൈസ് പ്രസിഡന്റുമാരായും നജ്മ തബ്ശിറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. നജ്മയും മുഫീദ തസ്‌നിയും മുന്‍ ഹരിത ഭാരവാഹികളായിരുന്നു.

ഹരിത വിവാദത്തില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here