കണ്ണൂർ: ലോക്‌സഭാ മണ്ഡലത്തിൽ അന്തിമ സ്ഥാനാർഥി പട്ടികയിൽ പേരിനെച്ചൊല്ലി വിവാദം. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ പേരിനൊപ്പം പിതാവിന്റെ പേരായ രാമുണ്ണി കൂടി ചേർത്താണ് പ്രസിദ്ധീകരിച്ചത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെ പിതാവിന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗളുമായി കെ. സുധാകരൻ ഫോണിൽ സംസാരിച്ചു. വോട്ടിങ് യന്ത്രത്തിൽ കെ. സുധാകരൻ എന്ന പേര് നിലനിർത്തുമെന്ന് ഉറപ്പുലഭിച്ചതായി യു.ഡി.എഫ് അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾപ്പെടെ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണു പരാതി ഉയർന്നത്. കെ. സുധാകരൻ സൺ ഓഫ് രാമുണ്ണി വി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, കൈ എന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം സുധാകരന്റെ പേരിൽ രണ്ട് അപരന്മാരും മത്സരരംഗത്തുണ്ട്. കെ. സുധാകരൻ സൺ ഓഫ് കൃഷ്ണൻ(ചിഹ്നം വള), കെ. സുധാകരൻ സൺ ഓഫ് പി. ഗോപാലൻ(ചിഹ്നം ഗ്ലാസ്) എന്നിങ്ങനെയാണു മറ്റു സ്വതന്ത്രന്മാരുടെ പേര് ചേർത്തിരുന്നത്. ഇതു തെറ്റിദ്ധരിക്കപ്പെടാൻ ഇടയാക്കുമെന്നാണ് യു.ഡി.എഫ് ഉയർത്തിയ പരാതി.