പട്ന: ലോക്സഭാ സീറ്റുകൾ പണം വാങ്ങി വിറ്റുവെന്നാരോപിച്ച് ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) യിൽ കൂട്ടരാജി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജനറൽ സെക്രട്ടറിയും മുൻമന്ത്രിമാരുമടക്കം 22 നേതാക്കളാണ് എൻ.ഡി.എയുടെ ഘടകക്ഷിയായ എൽ.ജെ.പി വിട്ടത്. ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് രാജിവെച്ച നേതാക്കൾ പ്രഖ്യാപിച്ചു.ബിഹാറിൽ എൻ.ഡി.എ മുന്നണിക്ക് തലവേദനയാകും കൂട്ടരാജിയെന്നാണ് വിലയിരുത്തൽ.
മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഡാംഗി തുടങ്ങിയ പ്രമുഖർ ഉൾപ്പടെയുള്ളവരാണ് എൽ.ജെ.പി (രാം വിലാസ്) യിൽ നിന്ന് രാജിവെച്ചത്.
ചിരാഗ് പാസ്വാൻ പണം വാങ്ങി സീറ്റ് വിറ്റുവെന്നാരോപിച്ചാണ് നേതാക്കൾ കൂട്ടമായി രാജി വെച്ചത്. പാർട്ടിപ്രവർത്തകർക്ക് സീറ്റ് നൽകുന്നതിന് പകരം പണം വാങ്ങി പുറത്തുള്ളവർക്ക് സീറ്റ് നൽകിയതായി പാർട്ടിവിട്ട മുൻ എം.പി രേണു കുശ് വാഹ പറഞ്ഞു. പാർട്ടിക്കുള്ളിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ളവർ ഇല്ലാത്തത് കൊണ്ടാണോ സീറ്റ് പുറത്തുള്ളവർക്ക് നൽകിയതെന്നും എം.പി ചോദിച്ചു.
വിമത എൽജെപി നേതാക്കൾ ഇൻഡ്യ ബ്ലോക്കിനെ പിന്തുണക്കുമെന്ന് പാർട്ടിവിട്ട ദേശീയ ജനറൽ സെക്രട്ടറി സതീഷ് കുമാർ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാൻ ഇൻഡ്യാ സഖ്യത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു.
ചിരാഗ് പാസ്വാൻ പണം വാങ്ങി സീറ്റ് വിറ്റുവെന്ന് പാർട്ടി സെക്രട്ടറിയായിരുന്ന രവീന്ദ്ര സിങ് ആരോപിച്ചു. ഞങ്ങളുടെ കഠിനാധ്വാനത്താലാണ് പാർട്ടിക്ക് അഞ്ച് സീറ്റ് ലഭിച്ചത്.അതാണ് ചിരാഗ് പാസ്വാൻ വിറ്റത്. ഇതിന് ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന് വോട്ടിലൂടെ മറുപടി നൽകുമെന്നും സിങ് പറഞ്ഞു.
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ അഞ്ചിടത്താണ് മത്സരിക്കുന്നത്. വൈശാലി, ഹാജിപൂർ, സമസ്തിപൂർ, ഖഗാരിയ, ജാമുയി എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂൺ 1 നും നടക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി എൽജെപി മത്സരിച്ച 6 സീറ്റുകളിലും വിജയിച്ചിരുന്നു.