‘കാസറോട്ടെ പിള്ളേരേ കണ്ടീനാ…കണ്ടില്ലെങ്കില്‍ 26ന് വോട്ടിംഗ് ബൂത്തില്‍ വാ…’; ഇലക്ഷന്‍ പ്രചാരണം ശ്രദ്ധേയം

0
221

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ആവേശം മുഴങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസർ പുറത്തിറക്കുന്ന പ്രചാരണ കാർഡുകള്‍ ശ്രദ്ധേയമാവുകയാണ്. ആകർഷകമായ വാചകങ്ങളും ചിത്രീകരണവും കാർഡിനെ വേറിട്ടതാക്കുന്നു.

പോളിംഗ് ബൂത്തിലേക്ക് കൂടുതല്‍ വോട്ടർമാരെ ആകർഷിക്കാന്‍ വലിയ പ്രചാരണമാണ് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസർ നടത്തുന്നത്. ഇതിനായി ആകർഷകമായ പ്രചാരണ കാർഡുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തിറക്കുകയാണ്. ‘കാസറോട്ടെ പിള്ളേരേ കണ്ടീനാ…കണ്ടില്ലെങ്കില്‍ 26ന് വോട്ടിംഗ് ബൂത്തില്‍ വാ…’ എന്നാണ് ശ്രദ്ധേയമായ ഒരു പ്രചാരണ വാക്യം. കോഴിക്കാട്ടുകാരെ പിടിക്കാനും തന്ത്രമുണ്ട്. ‘മ്മള് കോഴിക്കോട്ടുകാർക്ക് ഏപ്രില്‍ 26ന് ആദ്യം വോട്ട്…അതുകഴിഞ്ഞ് പാട്ട്’ എന്നതാണ് കോഴിക്കോട് ജില്ലയിലെ വോട്ടർമാരെ ആകർഷിക്കാനായി പുറത്തിറക്കിയ കാർഡിലുള്ളത്. സമാനമായി ഈസ്റ്റർ സ്പെഷ്യല്‍ പ്രചാരണ കാർഡും പുറത്തിറക്കി. ‘കർത്താവേ…ഇവറ്റകള്‍ക്ക് നല്ല ബുദ്ധി നല്‍കണേ…എന്നെക്കൂടി വോട്ട് ചെയ്യാന്‍ കൊണ്ടുപോകാന്‍ തോന്നിക്കണേ…’ എന്നുമായിരുന്നു ഈസ്റ്റർ സ്പെഷ്യല്‍ പ്രചാരണ കാർഡിലെ വരികള്‍.

നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വോട്ടർമാരെ ആകർഷിക്കാന്‍ പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍റെ വീഡിയോ ചീഫ് ഇലക്ടറല്‍ ഓഫീസർ പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളോട് വീഡിയോയിലൂടെ കുഞ്ചാക്കോ ബോബൻ അഭ്യർഥിക്കുകയായിരുന്നു. ‘വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു’ എന്നമായിരുന്നു കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here