തൃശൂര്‍: സംസ്ഥാനത്ത് ലോണ്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പൊലീസ്. വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയും പണം തട്ടുന്ന സംഘവും സംസ്ഥാനത്ത് സജീവമാണ്. ലോണ്‍ ആപ്പ് എന്ന പേരില്‍ വാട്‌സാപ്പിലും മെസഞ്ചറിലും വരുന്ന മെസേജുകളും വിളികളുമാണ് കെണിയാവുന്നതെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.- കരൂര്‍ എന്ന പേരിലുള്ള ആപ്പ് ഫോമിലേക്ക് വരുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാവുന്നത്. അറിയാതെ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ പെട്ടുപോവും. തുടര്‍ന്ന് ഫോണിലേക്ക് വിളിയെത്തും. ഫോണ്‍ നമ്പര്‍ പാക്കിസ്ഥാനില്‍ നിന്നുള്ള 92ല്‍ തുടങ്ങുന്നതായിരിക്കും. ഈ നമ്പറില്‍ തുടങ്ങുന്ന വിളിയും മെസേജുകളിലും തൊട്ടു ഓപ്പണ്‍ ആയാല്‍ ഉടനെ ഫോണ്‍ കണക്ഷന്‍ എടുത്ത ആളുടെ നഗ്‌ന ഫോട്ടോയും ആധാര്‍ കാര്‍ഡ് കോപ്പിയും അയച്ചുതരും. തുടര്‍ന്ന് ഭീഷണിയായിരിക്കും. ഫോട്ടോ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും. ഞങ്ങള്‍ പറയുന്ന പണം നല്‍കിയാല്‍ മതി ഫോട്ടോ ഉപയോഗിക്കില്ലെന്ന് അറിയിപ്പും കൊടുക്കുന്നു. മോശമായ രീതിയിലുള്ള തങ്ങളുടെ ഫോട്ടോ മറ്റാളുകള്‍ കാണരുതെന്നു കരുതി ഭയപ്പെട്ട ചിലര്‍ തട്ടിപ്പില്‍ വീഴുകയും പണം അയച്ചു കൊടുക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു.
മാനക്കേട് മൂലം പലരും പ്രതികരിക്കാറില്ല. തൃശൂര്‍ ജില്ലയിലുള്ള കുറച്ചുപേര്‍ക്ക് ഇത്തരത്തിലുള്ള വിളിയും മെസേജും വന്നതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാർ പൊലീസ്, സൈബര്‍ പൊലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒട്ടേറെ പേര്‍ കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.