ടി20 ക്രിക്കറ്റിൽ തന്നെ ആദ്യം, ടീം ഇന്ത്യക്ക് പോലുമില്ലാത്ത അപൂർവ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

0
197

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതോടെ സ്വന്തമായത് അപൂര്‍വനേട്ടം. ഇന്ന് ഡല്‍ഹിയെ വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ 150 വിജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. 148 വിജയങ്ങള്‍ നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതും 144 വിജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാമതും 143 വിജയങ്ങളുള്ള ലങ്കാഷെയറും നോട്ടിംഗ്ഹാംഷെയറും നാലാമതും അഞ്ചാമതുമാണ്.

ഇതിന് പുറമെ ഒരു താരം പോലും അര്‍ധസെഞ്ചുറി നേടാതെ ടി20 ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ഡല്‍ഹിക്കെതിരെ മുംബൈ കുറിച്ച 234 റണ്‍സ്. 49 റണ്‍സെടുത്ത രോഹിത് ശര്‍മയായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍.

മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ ആദ്യ ജയമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ന് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡ് ഇന്ന് രോഹിത് ശര്‍മ സ്വന്തമാക്കി. ഡല്‍ഹിയുടെ ജെയ് റിച്ചാര്‍ഡ്സണെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് രോഹിത് അപൂര്‍വ നേട്ടത്തിലെത്തിയത്. വിരാട് കോലി(110), സുരേഷ് റെയ്ന(109), കെയ്റോണ് പൊള്ളാര്‍ഡ്(103) എന്നിവരാണ് ഈ നേട്ടത്തില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.

ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ വിയജങ്ങളെന്ന കണക്കില്‍ മുംബൈ വാംഖഡെയില്‍ അര്‍ധസെഞ്ചുറി തികച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ 48 വിജയങ്ങളുള്ള കൊല്‍ക്കത്തയും ചെപ്പോക്കില്‍ 47 വിജയങ്ങളുള്ള ചെന്നൈയുമാണ് തൊട്ടുപിന്നില്‍.

10 പന്തില്‍ 39 റണ്‍സടിച്ച മുംബൈ താരം റൊമാരിയോ ഷെപ്പേര്‍ഡ് ഐപിഎല്‍ ചരിത്രത്തില്‍ കുറഞ്ഞത് പത്ത് പന്തുകളെങ്കിലും നേരിട്ടവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്(390) എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 2022ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്തയുടെ പാറ്റ് കമിന്‍സ് നേടിയ(373.33) ആയിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്. മുംബൈക്കായി 150 വിക്കറ്റ് തികച്ച ജസ്പ്രീത് ബുമ്ര ഐപിഎല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി. ലസിത് മലിംഗ(171), സുനില്‍ നരെയ്ന്‍(166) എന്നിവരാണ് ബുമ്രക്ക് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here