പട്ടാപ്പകൽ കേരളം ഞെട്ടിയ കവർച്ച നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു, 100ലേറെ സിവിടിവി നോക്കി, തുമ്പ് കിട്ടാതെ പൊലീസ്

0
241

കാസർകോട്: കാസർകോട് ഉപ്പളയിൽ പട്ടാപ്പകൽ അരക്കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് നിഗമനം. സംഘത്തിന് കാസര്‍കോട്ടും കണ്ണികളുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവർന്നത് കഴിഞ്ഞ മാസം 27നണ്. വാഹനത്തിൻ്റെ ഗ്ലാസ് പൊട്ടിച്ച് അരക്കോടി രൂപ അടങ്ങിയ ബോക്സ് കവരുകയായിരുന്നു. നൂറിലേറെ സിസിടിവി ക്യാമറകൾ അന്വേഷണ സംഘം പരിശോധിച്ചെങ്കിലും പ്രതികളെ പിടികൂടാൻ ആയിട്ടില്ല.

ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കവര്‍ച്ചയ്ക്കുശേഷം ബെംഗളൂരുവിലേക്കുള്ള തീവണ്ടിയിലാണ് മൂന്നംഗ സംഘം കടന്നത്. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരില്‍ ചെറുവത്തൂർ സ്വദേശിയുമുണ്ടെന്നാണ് വിവരം. യാത്രയ്ക്കുള്ള ടിക്കറ്റെടുത്തു നല്‍കിയത് ഇയാളാണ്. തമിഴ്നാട്ടില്‍നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

ട്രിച്ചിയിലും ബെംഗളൂരുവിലുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉപ്പളയിലെ മോഷണത്തിന് മുമ്പ് മംഗളൂരുവില്‍ ഒരു കാറിൻ്റെ ഗ്ലാസ് പൊട്ടിച്ച് ലാപ്ടോപ്പ് കവർന്നതും ഇതേ സംഘമാണെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ഇത്തരത്തില്‍ കവര്‍ച്ചനടത്തുന്ന സംഘമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here