600 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 10 മിനിറ്റ് ബാറ്ററി ചാർജ് ചെയ്താൽ മതി!! ഇതൊക്കെ നടക്കുമോ എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്.
ചൈനീസ് കമ്പനിയായ സി.എ.ടി.എൽ ആണ് അതിനൂതന ബാറ്ററി അവതരിപ്പിച്ചിരിക്കുന്നത്. ‘ഷെൻങ്സിങ് പ്ലസ് ഇ.വി ബാറ്ററി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 4സി അൾട്രാ ഫാസ്റ്റ് ചാർജിങ്ങും 1000 കിലോമീറ്റർ റേഞ്ചുമുള്ള ലോകത്തിലെ ആദ്യത്തെ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
വിലകുറഞ്ഞതും കൂടുതൽ നൂതനവുമായ ലിഥിയം അയേൺ ഫോസ്ഫേറ്റാണ് ഇതിൽ ഉപയോഗിക്കുന്നത്. -20 ഡിഗ്രി താപനിലയിലും സൂപ്പർ ഫാസ്റ്റ് ചാർജിങ് നടക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
വൈദ്യുത വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിൽ ചൈനയിലെ മുൻനിര കമ്പനിയാണ് സി.എ.ടി.എൽ. 2011ലാണ് കമ്പനി ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സി.എ.ടി.എൽ ബാറ്ററി വിൽപ്പനയിൽ ആധിപത്യം തുടരുകയാണ്.
കഴിഞ്ഞവർഷം കമ്പനിയുടെ വിപണി വിഹിതം 36.8 ശതമാനം ആയിരുന്നു. തൊട്ടടുത്തുള്ള എതിരാളിയായ ബി.വൈ.ഡിയേക്കാൾ ഏകദേശം 21 ശതമാനം മുന്നിലാണ് സി.എ.ടിഎൽ.
വിലകുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ ഇ.വി ബാറ്ററികളാണ് ചൈനയിൽ നിന്ന് നിത്യേന പുറത്തിറങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ വിപണിയായി ചൈന ഇതിനകം മാറിക്കഴിഞ്ഞു.