മതം നോക്കിയല്ല; സ്വാഭാവികമായി സംഭവിക്കുന്നതാണ് പ്രേമം-ജിഫ്രി തങ്ങൾ

0
175

കോഴിക്കോട്: കേരളത്തെ കുറിച്ചു വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനു വേണ്ടി നടന്ന ധനസമാഹരണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്‌ലിംകളെ സംബന്ധിച്ചു മറ്റു സമൂഹങ്ങളിൽ വളരെ മോശമായൊരു ചിത്രം സൃഷ്ടിക്കാനാണ് ‘കേരള സ്‌റ്റോറി’ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണ്. മതം നോക്കിയല്ല ആരും സ്‌നേഹിക്കുന്നതെന്നും ജിഹാദ് എന്ന പേരുകൊണ്ട് അതു മുസ്‌ലിംകളുടെ മാത്രം സംഗതിയാണെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും തങ്ങൾ പറഞ്ഞു.

കോഴിക്കോട് കോടമ്പുഴയിൽ അബ്ദുറഹീമിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ”ഒരാൾ മറ്റൊരാളെ സ്‌നേഹിച്ചാൽ ചിലപ്പോൾ അവൻ അവളെ കൊണ്ടുപോകും. അല്ലെങ്കിൽ അവൾ അവനെ കൊണ്ടുപോകും. ഇതെല്ലാം സ്വാഭാവികമാണ്. അതിൽ ഒരു മതത്തെ ആക്ഷേപിക്കുന്നത് എന്തിനാണ്? മുസ്‌ലിംകളെ സംബന്ധിച്ചു മറ്റു സമൂഹങ്ങളിൽ വളരെ മോശമായൊരു ചിത്രം വരുത്തിത്തീർക്കുന്നതാണ് ‘കേരള സ്‌റ്റോറി’. അമുസ്‌ലിംകളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ മുസ്‌ലിംകളുടെ പണിയാണെന്നു ചിത്രീകരിക്കുകയാണ്.”-അദ്ദേഹം കുറ്റപ്പെടുത്തി.

”പ്രേമമൊക്കെ സ്വാഭാവികമായി ഉണ്ടാകുന്ന സംഗതിയാണ്. അതുണ്ടായിൽ പിന്നീട് മതമൊന്നും അവർക്കു തടസമാകില്ല. അത് ആർക്കും അങ്ങനെത്തന്നെയാണ്. മുസ്‌ലിംകളല്ലാത്ത പലരും മുസ്‌ലിംകളിൽനിന്നു തട്ടിക്കൊണ്ടുപോകുന്നില്ലേ… തട്ടിക്കൊണ്ടുപോകുകയോ പ്രേമിച്ചുകൊണ്ടുപോകുകയോ ചെയ്യുന്നുണ്ട്. ലവ് ജിഹാദിൽ ജിഹാദ് എന്നു പേരുണ്ടായതുകൊണ്ട് ഇതു മുസ്‌ലിംകളുടെ മാത്രം സംഗതിയാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നതു ശരിയല്ല.”

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമസ്തയുടെ നയവും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്ത നിലനിർത്തിപ്പോരുന്ന, ഇത്രകാലം സ്വീകരിച്ചുപോരുന്ന നയമുണ്ട്. സംഘടനാപരമായി ഒരു രാഷ്ട്രീയ പാർട്ടിയെയും മുന്നണിയെയും ജയിപ്പിക്കാനും തോൽപ്പിക്കാനുമൊന്നും ആഹ്വാനം ചെയ്യുന്നത് സമസ്തയുടെ പണിയല്ല. പ്രവർത്തകർ പല രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാകും. അവരുടെ മതത്തിനു പ്രശ്‌നം വരാത്ത രീതിയിൽ ഭൗതികകാര്യങ്ങൾക്കു വേണ്ടി പല രാഷ്ട്രീയ പാർട്ടികളിലും അവർ പ്രവർത്തിക്കുന്നുണ്ടാകും. അതൊന്നും സമസ്തയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതവിശ്വാസത്തെ എതിർക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ ഞങ്ങൾക്കു നിൽക്കാനാകില്ല. ഇന്ത്യയിലെ മതസൗഹാർദവും മനുഷ്യന്മാർ തമ്മിലുള്ള സൗഹാർദവും ജനാധിപത്യവും പാരമ്പര്യവുമെല്ലാം ഇവിടെ നിലനിൽക്കണം. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതൊക്കെ ആര് ചെയ്യുന്നുണ്ടെങ്കിലും അവരിലൊക്കെ സമസ്തയുമായി ബന്ധപ്പെട്ടവരുമുണ്ടാകും. മുസ്‌ലിംകളുടെ മാത്രമല്ല ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയുമെല്ലാം സംരക്ഷിക്കപ്പെടണം. ഏതെങ്കിലും മതവിശ്വാസത്തെ ധ്വംസിച്ചും ഹനിച്ചും പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുമായി സഹരിക്കാൻ സമസ്തയ്ക്ക് ആകില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here