സിനിമയാവാനൊരുങ്ങി 34 കോടി പുണ്യം; യഥാർഥ കേരള സ്റ്റോറിയെന്ന് പ്രൊഡ്യൂസർ

0
182

സൗദിയിൽ വധശിക്ഷ കാത്തു കിടന്ന അബ്ദുൾ റഹീമിനായി മോചനത്തുകയായ 34 കോടി കഴിഞ്ഞ ദിവസം സമാഹരിച്ചത് വലിയ വാർത്തയായിരുന്നു. കേരളം ഈയടുത്ത് കണ്ട ഏറ്റവും വലിയ രക്ഷാധന സമാഹരണ യജ്ഞമായിരുന്നു ഇത്. ഇപ്പോഴിതാ റഹീമിനെ മോചിപ്പിക്കാനായി 34 കോടി സമാഹരിച്ചത് സിനിമയാകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഡൽഹി മലയാളിയായ ഷാജി മാത്യുവാണ് കഥയെ ആസ്പദമാക്കി സിനിമ നിർമിക്കുന്നത്. 34 കോടി പുണ്യമാണ് യഥാർഥ കേരള സ്റ്റോറിയെന്ന് ഷാജി മാത്യു പറഞ്ഞു.

ഒരാൾ പൊക്കം, ഒഴിവുദിവസത്തെ കളി, നിള, ചോല എന്നീ സിനിമകളുടെ പ്രൊഡ്യൂസർ കൂടിയാണ് ഷാജി മാത്യു.

റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടി കഴിഞ്ഞ ദിവസമാണ് സമാഹരിച്ചത്. ദയാധനം നൽകാൻ മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ലക്ഷ്യത്തോടടുത്തത്.

റഹീമിന്റെ ജീവൻ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്മയായിരുന്നു ധനസമാഹരണം ഏകോപിപ്പിച്ചിരുന്നത്. ഇതിനായി Save Abdul Rahim എന്ന പേരിൽ ആപ്പും ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഉൾപ്പെടെയുള്ള മാർഗങ്ങൾക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്.

കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. 2006ൽ 24ന് 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന് സ്പോൺസറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

2006 ഡിസംബർ 24ന് ഫായിസിനെ കാറിൽ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തിൽ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയായിരുന്നു. ഇതേതുടർന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തിൽ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനൽകാൻ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയിൽ ഇപ്പോൾ മാപ്പുനൽകാൻ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here