21 ലക്ഷവും ടൊയോട്ട ഫോർച്യൂണറും നൽകിയില്ല; യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചുകൊന്നു, പരാതി

0
160

നോയ്ഡ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനത്തിന്റേ പേരിലാണ് തന്റെ സഹോദരിയെ ഭർതൃവീട്ടുകാർ കൊന്നതെന്ന് യുവതിയുടെ സഹോദരൻ ദീപക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കരിഷ്മ എന്ന യുവതിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃ വീട്ടുകാർ ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായി ദീപക് പറയുന്നു. തന്നെ ഭർത്താവും വീട്ടുകാരും മർദിക്കുകയാണെന്ന് കരിഷ്മ വീട്ടിൽ വിളിച്ച് പറയുകയായിരുന്നു. ഫോൺ വിളിച്ചയുടനെ സഹോദരൻ ദീപക് ഭർതൃവീട്ടിലെത്തി. എന്നാൽ കരിഷ്മയെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും ഉൾപ്പെടെ ഇനിയും സ്ത്രീധനം വേണമെന്ന് ഭർതൃ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെന്ന് ദീപക് പറഞ്ഞു. എന്നാൽ ഇത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് കരിഷ്മയ്ക്ക് മർദനം ഏൽക്കേണ്ടി വന്നത്.

2022 ഡിസംബറിലാണ് വികാസ്- കരിഷ്മ ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ഗ്രേറ്റർ നോയിഡയിലെ ഖേദ ചൗഗൻപൂർ ഗ്രാമത്തിലാണ് വികാസിൻ്റെ കുടുംബത്തോടൊപ്പം ദമ്പതികൾ താമസിച്ചിരുന്നത്. വിവാഹസമയത്ത് വരൻ്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവി കാറും അവളുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ വികാസിൻ്റെ കുടുംബം വർഷങ്ങളായി കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും കരിഷ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയുമായിരുന്നു. അവർക്ക് ഒരു കുട്ടി ജനിച്ചെങ്കിലും പീഡനം തുടർന്നു കൊണ്ടിരുന്നു. നിരവധി തവണ ഈ വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. തുടർന്ന് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി കുടുംബത്തിന് നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്നും സഹോദരന്റെ പരാതിയിൽ പറയുന്നു. ഈ 10 ലക്ഷത്തിന് പുറമെ 21 ലക്ഷം രൂപയും ടൊയോട്ട ഫോർച്യൂണറും കൂടി ആവശ്യപ്പെട്ട് വരൻ്റെ വീട്ടുകാർ രംഗത്തെത്തുകയായിരുന്നു.

ദീപകിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരെ സ്ത്രീധനത്തിന്റേ പേരിലുള്ള കൊലപാതകത്തിന് പൊലീസ് കേസെടുത്തു. കേസിൽ വികാസും പിതാവും അറസ്റ്റിലായി. മറ്റുള്ളവർക്കായി തിരച്ചിൽ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here