ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിക്കും; മമതക്ക് നന്ദി പറഞ്ഞ് യൂസുഫ് പത്താൻ

0
117

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റിൽ സീറ്റ് നൽകിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ.

മമത പ്രഖ്യാപിച്ച സംസ്ഥാനത്തെ 42 സ്ഥാനാർഥികളിലെ അപ്രതീക്ഷിത എൻട്രി യൂസുഫ് പത്താനായിരുന്നു. കോൺഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവും ബംഗാൾ അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി പ്രതിനിധീകരിക്കുന്ന ബെർഹാംപുരിലാണ് പത്താൻ മത്സരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമമായ എക്സിലൂടെയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ മമതയോട് നന്ദി പറഞ്ഞത്.

സമൂഹത്തിലെ ദരിദ്രരും നിരാലംബരുമായ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് പത്താൻ എക്സിൽ കുറിച്ചു. ‘ടി.എംസി കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിനും പാർലമെന്‍റിൽ ജനങ്ങളുടെ ശബ്ദമാകാനുള്ള ഉത്തരവാദിത്തത്തിൽ എന്നെ വിശ്വസിച്ചതിനും മമതാ ബാനർജിയോട് കടപ്പെട്ടിരിക്കും. ജനപ്രതിനിധി എന്ന നിലയിൽ, ദരിദ്രരുടെയും നിരാലംബരുടെയും ഉന്നമനം നമ്മുടെ കടമയാണ്, ലക്ഷ്യം നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -പത്താൻ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും മത്സരിക്കുന്നുണ്ട്. മഹുവ കൃഷ്ണനഗറിൽനിന്നാണ് വീണ്ടും മത്സരിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍സോളിൽ സ്ഥാനാർഥിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here