മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍, ദേഹത്ത് പരിക്കേറ്റ പാടുകള്‍

0
319

കാസർകോട്: കസ്റ്റഡിയിൽ നിന്നു ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീൻ ആരിഫാ(22)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം. ഞായറാഴ്ച രാത്രി യുവാക്കൾ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച പൊലീസ് ആരിഫിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കൾക്കൊപ്പം പൊലീസ് ആരിഫിനെ വിട്ടയക്കുകയും ചെയ്തു. വീട്ടിലേക്ക് പോകാൻ കാറിൽ കയറിയ ആരിഫ് കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. രാവിലെ ഉണർന്നെണീറ്റ ആരിഫ് ഛർദ്ദിക്കുകയും എഴുന്നേറ്റ് നിൽക്കാനാവുന്നില്ലെന്നു വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ബന്ധുക്കൾ ഉടൻതന്നെ ആംബുലൻസിൽ മംഗളുരു ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരിച്ചു. വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാർ മർദ്ദനത്തിൻ്റെ പാടുകൾ കണ്ടെത്തിയതോടെ വിവരം പൊലീസിനെ അറിയിച്ച് പോസ്റ്റ്മോർട്ടത്തിന് ആവശ്യപ്പെട്ടു. തുടർന്നു മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ബന്ധുകളുടെ മൊഴിയെടുത്തു. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ആരിഫിൻ്റെ മൃതദേഹത്തിൽ കാണുന്ന പാടുകൾ പൊലീസ് മർദ്ദിച്ചതിൻ്റെ അടയാളമാണെന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നത്. എന്നാൽ ആരിഫിനെ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരായിരിക്കും മർദ്ദിച്ചത് എന്നാണ് പൊലിസും ആരോപിക്കുന്നത്. മദളയിലെ പരേതനായ അബ്ദുളളയാണ് പിതാവ് . മാതാവ്: ആമിന. സഹോദരങ്ങൾ: ഹാജിറ, മിസ്രിയ, റാഫിയ സാക്കിറ.

LEAVE A REPLY

Please enter your comment!
Please enter your name here