ഇലക്ടറൽ ബോണ്ട്: ബിജെപിയുടെ അഴിമതി പുറത്തുവന്നെന്ന് ജയറാം രമേശ്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമെന്ന് യെച്ചൂരി

0
127

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തു വന്നതോടെ ബിജെപിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിച്ചെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 2018 മാർച്ച് മാസമാണ് എസ്ബിഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

2018ലെ ഉൾപ്പെടെയുള്ള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റിൽ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിൽ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. മാത്രമല്ല, ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ അഴിമതി തന്ത്രങ്ങള്‍ വെളിപ്പെട്ടുവെന്ന് ജയ്റാം രമേശ് ആരോപിച്ചു.

രാഷ്ട്രീയ അഴിമതിയെ ബിജെപി നിയമവിധേയമാക്കി മാറ്റിയതായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ പ്രതികരണം. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരുന്നതിനായി സിപിഎമ്മും കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.

ജനാധിപത്യത്തിന്‍റെയും സുതാര്യതയുടെയും വിജയമെന്നായിരുന്നു ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ യെച്ചൂരിയുടെ പ്രതികരണം. നിരവധി ചോദ്യങ്ങളുയ‍ർത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു. ഇലക്ട്രൽ ബോണ്ട്‌ വിശദാംശങ്ങൾക്ക് പുറമേ, പിഎം കെയറിലേക്ക് സംഭാവന നൽകിയത് ആരാണെന്നും കണ്ടെത്തണം എന്ന്‌ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു.

ആര് ആര്‍ക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടില്ലെങ്കിലും ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനം ബിജെപിക്കാണ് ലഭിച്ചത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും. ബോണ്ടുകൾ നൽകിയ കമ്പനികൾക്ക് കരാറുകളും പദ്ധതികളും പ്രത്യുപകാരമായി ബിജെപി നൽകി എന്ന ആരോപണമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here