ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്പുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആഴ്ചയില്‍ 36 മണിക്കൂറാണ് ജോലിസമയം.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഇന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാകും ബാങ്കുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുക. ആരോഗ്യ മേഖലയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ എമര്‍ജന്‍സി വിഭാഗം, ആംബുലന്‍സ്, പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
എച്ച്എംസി ക്ലിനിക്കുകളില്‍ ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ലഭ്യമായിരിക്കും. രണ്ട് ഷിഫ്റ്റുകളിലായാകും പ്രവര്‍ത്തനം. രാവിലെ എട്ടു മുതല്‍ ഒരു മണി വരെയും വൈകിട്ട് എട്ടു മുതല്‍ 10 വരെയും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.