ചെന്നൈ: കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി കൃഷ്ണഗിരി മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടും. നാം തമിഴർ കച്ചി (തമിഴ് നാഷണൽ പാർട്ടി) ടിക്കറ്റിലാണ് ഇവർ മത്സരിക്കുക. മൈക്ക് ആണ് ചിഹ്നം. നാലു വർഷം മുമ്പ് ബിജെപിയിൽ ചേർന്ന വിദ്യാറാണി കഴിഞ്ഞ മാസമാണ് പാർട്ടി വിട്ടത്.
പുതുച്ചേരി അടക്കം 40 മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പകുതി പേരും വനിതകളാണ്. തമിഴ് വംശത്തിന് വേണ്ടിയാണ് പാർട്ടിയുടെ മത്സരമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ നാം തമിഴർ കച്ചി നേതാവ് സീമാൻ പറഞ്ഞു.
നിയമത്തിൽ ബിരുദം നേടിയ വിദ്യാറാണി കൃഷ്ണഗിരിയിൽ സ്‌കൂൾ നടത്തുകയാണ്. തമിഴ്‌നാട് മൈനോറിറ്റി മോർച്ചയുടെ വൈസ് പ്രസിഡണ്ടായിരുന്നു. 2004 ഒക്ടോബർ 24നാണ് വീരപ്പൻ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചത്.
വിദ്യാറാണി വീരപ്പന്‍
വിദ്യാറാണി ഒരു തവണ മാത്രമാണ് വീരപ്പനെ കണ്ടിട്ടുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കവെ തമിഴ്‌നാട്-കർണാടക അതിർത്തിയിലുള്ള ഗോപിനാഥത്തെ മുത്തച്ഛന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അന്ന് അര മണിക്കൂർ നേരം അച്ഛനുമായി സംസാരിച്ചെന്നും അന്നത്തെ സംഭാഷണമാണ് തന്നെ രൂപപ്പെടുത്തിയത് എന്നും ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ വിദ്യാറാണി പറഞ്ഞിരുന്നു. ഇവരുടെ അമ്മ മുത്തുലക്ഷ്മി ടി വേൽമുരുകന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ എ ചെല്ലകുമാർ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് കൃഷ്ണഗിരി. ഇത്തവണ കെ ഗോപിനാഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. എഐഡിഎംകെ സ്ഥാനാർത്ഥിയായി വി ജയപ്രകാശും ബിജെപിക്കു വേണ്ടി സി നരസിംഹനും ജനവിധി തേടുന്നു. കഴിഞ്ഞ തവണയും മത്സരിച്ച നാം നമിളർ കച്ചി മണ്ഡലത്തിൽ 28000 വോട്ടു നേടിയിരുന്നു.