ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. ആര്‍എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പരസ് മോദി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തിലെ അതൃപ്തിയ്ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി.
സീറ്റ് വിഭജനത്തില്‍ അനീതി നേരിട്ടെന്നും ഇതിനാലാണ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതെന്നും പശുപതി കുമാര്‍ പരസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലുമാണ് മത്സരിക്കുന്നത്. ചിരാഗ് പസ്വാന്റെ എല്‍ജെപിയ്ക്ക് അഞ്ച് സീറ്റും എച്ച്എഎമ്മിന് ഒരു സീറ്റും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആര്‍എല്‍ജെപിയ്ക്ക് സീറ്റുകളൊന്നും നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പശുപതി എന്‍ഡിഎ വിട്ടത്. ആര്‍എല്‍ജെപി പിളര്‍ത്തി പുതിയ ഗ്രൂപ്പ് സൃഷ്ടിക്കുകയായിരുന്നു പശുപതി. ഔദ്യോഗിക പക്ഷം ചിരാഗ് പസ്വാന്റെ ഒപ്പം നിന്നപ്പോഴും പശുപതിയ്‌ക്കൊപ്പം നാല് എംപിമാര്‍ ഉണ്ടായിരുന്നു.
രാവിലെ വാര്‍ത്താ സമ്മേളനം നടത്തിയാണ് പശുപതി രാജി പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മന്ത്രിയായ തന്നോട് എന്‍ഡിഎ നിരന്തരം അവഗണന കാട്ടിയതായും പശുപതി പറഞ്ഞു.