സ്വകാര്യ മേഖലയിൽ സമയം വെട്ടിക്കുറച്ചു; പൊതു മേഖലയിൽ ഉച്ചവരെ; റമദാൻ മാസത്തെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

0
131

ദുബൈ: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയിലെയും ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ച് ഉർത്തരവിറങ്ങി. സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. പൊതുമേഖലയിൽ ജോലി സമയം ഉച്ചവരെയായും ക്രമീകരിച്ചു.

സ്വകാര്യ മേഖലയിലെ ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് പാറ്റേണുകൾ പ്രയോഗിക്കാവുന്നതാണ് എന്നും മന്ത്രാലയം അറിയിച്ചു. ഈ പുണ്യമാസത്തിൽ നോമ്പെടുക്കുന്നവർക്കും നോമ്പില്ലാത്ത ജീവനക്കാർക്കും പ്രവൃത്തി സമയം ബാധകമാണ്.

എമിറേറ്റ്‌സിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർ സാധാരണയായി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയാണ് ജോലി ചെയ്യുന്നത്. റമദാനിൽ ഇത് ദിവസേന രണ്ട് മണിക്കൂർ കുറയ്ക്കും. കുറച്ച ഷെഡ്യൂളിനപ്പുറം ജോലി ചെയ്യുന്ന അധിക സമയം ഓവർടൈം ആയി കണക്കാക്കാം. അതിന് തൊഴിലാളികൾക്ക് അധിക വേതനത്തിന് അർഹതയുണ്ട്.

അതേസമയം, റമദാനിൽ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി ഉച്ചവരെയായിരിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 യാകും ജോലി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ 12 വരെ ആയിരിക്കും ജോലി എടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here