ബെംഗളൂരു: കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങൾ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്.
രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഉള്ളടക്കങ്ങളിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്. ഗിരീഷ് കര്‍ണാടിന്റെയും പെരിയാറുടേയും ദേവനൂര്‍ മഹാദേവിന്റെയും പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ പഴയ കമ്മറ്റി ഒഴിവാക്കിയിരുന്നു. ഇവയെല്ലാം പുതിയ കമ്മറ്റി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
എട്ടാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില്‍ സനാതന ധര്‍മം എന്താണെന്ന് വ്യക്തമാക്കുന്ന പുതിയ പാഠഭാഗം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടാതെ ജൈനിസവും ബുദ്ധിസവും പരിചയപ്പെടുത്തുന്ന പാഠങ്ങളും പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പാഠങ്ങളില്‍ ‘ധര്‍മം’ എന്ന് പറയുന്ന ഭാഗങ്ങളിലെല്ലാം ‘മതം’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
ജനാധിപത്യം, ഭരണഘടനാ നിര്‍ദേശക തത്വങ്ങള്‍, പൗരന്റെ കടമകള്‍, പൗരന്റെ അവകാശങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല, വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ടിപ്പു സുല്‍ത്താനെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.