തൃശൂര്‍: തനിക്കെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയതയെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തന്റെ ശേഷിക്കനുസരിച്ചാണ് ദേവാലയത്തില്‍ കിരീടം വെച്ചതെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. അംബാനിയും അദാനിയും ചെയ്തത് പോലെ ചെയ്യാനാകില്ല. താന്‍ സമ്പന്നനല്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ലൂര്‍ദ്ദ് മാതാവിന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘വികാരിയുമായി ചര്‍ച്ച ചെയ്താണ് കിരീടം വെച്ചത്. ഞാന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. കരുവന്നൂരിലും സഹായം ചെയ്തു. വഴിപാട് സമര്‍പ്പണത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഇല്ല. കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണ്. കുടുംബവുമുള്‍പ്പെട്ട സ്വകാര്യ ചടങ്ങായിരുന്നു കിരീട സമര്‍പ്പണം. എന്നെ എല്ലാ ദെവങ്ങളും അനുഗ്രഹിക്കും’, സുരേഷ് ഗോപി പറഞ്ഞു.
മകളുടെ വിവാഹത്തിന് മുന്നോടിയായി ജനുവരി 15നാണ് സുരേഷ് ഗോപി ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ കുടുംബത്തോടൊപ്പം എത്തി കിരീടം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേര്‍ത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.
കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താല്‍ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാന്‍ ധാരണയായത്. തുടര്‍ന്ന് കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസും രംഗത്തെത്തി. ലൂര്‍ദ്ദ് ഇടവക പ്രതിനിധി യോഗത്തിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.