തൃശൂര്‍: പള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ട് വാദ്യമേളങ്ങളോടെയുള്ള സുരേഷ് ഗോപിയുടെ റോഡ് ഷോ നിര്‍ത്തിവച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച തൃശ്ശൂർ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ എത്തിയത്. റോഡ് ഷോ കേച്ചേരി പള്ളിയുടെ മുന്നിൽ എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. നോമ്പുതുറക്കാനുള്ള ബാങ്ക് വിളി കേട്ടപാടെ വാദ്യമേളങ്ങളടക്കംറോഡ് ഷോ ഏറെ നേരം നിർത്തിവയ്ക്കുകയായിരുന്നു.
അതേസമയം, തൃശൂർ തരുമെന്നാണ് ഉറച്ച വിശ്വാസമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുവെന്നും കുറച്ചധികം ദിവസങ്ങൾ ലഭിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ മാറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രത്തിന് കിട്ടുന്ന റിപ്പോർട്ട് പ്രകാരം രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്. കൂടുതൽ ദിവസമുള്ളതു കൊണ്ട് എല്ലാവരിലേക്കും എത്താനാകും. യുവാക്കളുടെ പ്രതികരണം കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. അഞ്ച് കൊല്ലം ഇവിടെ പണിയെടുത്തതിന്റെ ഗുണമുണ്ടാകും. ഉത്സവങ്ങൾ വരുന്നുണ്ട്. പരമാവധി സമ്പർക്കമാണ് ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.