പള്ളിക്ക് മുന്നിലെ റോഡിൽ ജുമാ നമസ്കാരം നടത്തിയ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ എസ്ഐക്ക് സസ്പെൻഷൻ

0
253

പള്ളിക്ക് മുന്നിലെ റോഡിൽ വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഡൽഹി ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത്) എം കെ മീണ പറഞ്ഞു.

സബ് ഇൻ‌സ്പെക്ടർ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച പ്രദേശവാസികൾ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ‌് ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.

സംഭവം ലജ്ജാകരമാണെന്ന് ഡൽഹി കോൺഗ്രസ് പറഞ്ഞു. ചവിട്ടുന്ന വിഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽമിഡിയ അക്കൗണ്ടിൽ പങ്കുവെച്ചു. ‘റോഡിൽ നമസ്‌കരിക്കുന്ന വിശ്വാസികളെ ഡൽഹി പൊലീസ് ചവിട്ടുന്നു. ഇതിലപ്പുറം എന്ത് നാണക്കേടാണുള്ളത്?’ -കോൺഗ്രസ് ചോദിച്ചു. സംഭവസ്ഥലത്ത് കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here