വെള്ളിയാഴ്ച വോട്ടെടുപ്പിനെതിരെ പരാതി; തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സമസ്ത

0
153

തിരുവനന്തപുരം: വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പരാതി. വെളളിയാഴ്ചയിലെ പോളിം​ഗ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീ​ഗും സമസ്തയും. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ അയച്ചു. ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു.

മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജൻ്റ്മാർക്കും ജുമുഅ പ്രാർത്ഥനക്ക് തടസ്സമാകുമെന്നതിനാൽ ഏപ്രിൽ 26ന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച പോളിംഗ് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച് മുസ്ലിം ലീഗും രം​ഗത്തെത്തിയിരുന്നു. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരായ വിശ്വാസികൾക്കും വെള്ളിയാഴ്ചയിലെ പോളിം​ഗ് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് 3 മണിയോടെ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here