ആകാശ് അംബാനിയുടെ മുന്നിൽവെച്ച് ഹാർദികിനെ ശകാരിച്ച് രോഹിത്, സാക്ഷിയായി റാഷിദ് ഖാൻ; വിഡിയോ വൈറൽ

0
193

ഇത്തവണത്തെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള ആദ്യ മത്സരം ഒരുപാട് കാരണങ്ങൾകൊണ്ട് ഏവരും ഉറ്റുനോക്കിയ മത്സരമായിരുന്നു. ഗുജറാത്ത് ടൈറ്റാൻസ് നായകനായിരുന്ന ഹർദിക് പാണ്ഡ്യയെ സീസണു മുന്നോടിയായി റെക്കോഡ് തുകക്ക് ടീമിലെത്തിച്ചതും നായകസ്ഥാനം നൽകിയതും അതോടെ മുൻ നായകനായ രോഹിത് ശർമയും ഹാർദികുമായുള്ള ബന്ധം വഷളായതുമൊക്കെ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാണ്.

മുംബൈക്ക് അഞ്ച് കിരീടങ്ങൾ നേടിക്കൊടുത്ത ഹിറ്റ്മാനെ മാറ്റി, പഴയ സഹതാരത്തെ നായകനാക്കിയത് ആരാധകരെയും ടീമിലെ മറ്റ് ചില അംഗങ്ങളെയും ചൊടിപ്പിച്ചിരുന്നു. അതോടൊപ്പം ഗുജറാത്തിനെതിരായ മത്സരത്തിലെ ചില സംഭവവികാസങ്ങളും ഹാർദികിന് തിരിച്ചടിയായി മാറുകയാണ്.

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുണ്ടായിട്ടും, ആദ്യ ഓവർ എറിയാനുള്ള ഹാർദിക്കിന്‍റെ തീരുമാനത്തിൽ മുൻ താരങ്ങളടക്കം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ രോഹിത്തിനെ ഫീൽഡിങ് സ്ഥാനത്തുനിന്ന് മാറ്റുന്ന ഹാർദിക്കിന്‍റെ വിഡിയോയും വൈറലായി. ജെറാൾഡ് കോട്സി എറിഞ്ഞ ഇരുപതാം ഓവറിൽ രണ്ടു പന്തുകൾ മാത്രം ശേഷിക്കെയാണ് രോഹിത്തിനോട് ബൗണ്ടറി ലൈനിൽനിന്ന് മാറാൻ ഹാർദിക് നിർദേശം നൽകിയത്. ഈ വിഡിയോ കണ്ട ആരാധകർ രോഹിത്തിനോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയിലാണ് താരം പെരുമാറിയതെന്നാണ് കുറ്റപ്പെടുത്തുന്നത്.

ഇപ്പോൾ മറ്റൊരു വിഡിയോ കൂടി ആരാധകർ എക്സിൽ പ്രചരിപ്പിക്കുന്നുണ്ട്. മത്സരത്തിന് ശേഷം തൻ്റെ മുൻ നായകനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച പാണ്ഡ്യയോട് രോഹിത് പ്രകോപിതനാകുന്നതായി കാണിക്കുന്നതാണ് പ്രചരിക്കുന്ന ക്ലിപ്പ്. മത്സരത്തിന് ശേഷമുള്ള പുരസ്കാരദാന ചടങ്ങിനിടെയായിരുന്നു സംഭവം. ടീമുടമ ആകാശ് അംബാനിയും ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനും നോക്കിനിൽക്കെയായിരുന്നു ഹാർദികിനെ രോഹിത് ശകാരിച്ചത്. ആകാശ് അംബാനി എന്താണ് സംഭവിക്കുന്നതെന്നറിയാതെ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം.

എന്തായാലും പുതിയ നായകനു കീഴിലിറങ്ങിയ മുംബൈ ഗുജറാത്തിനോട് ആറു റൺസിന് പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 162 റൺസെടുക്കാനെ സാധിച്ചുള്ളു. അവസാന മൂന്നോവറിൽ 36 റൺസ് മാത്രമായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. എന്നാൽ ബാറ്റർമാർ തുടർച്ചതായി കൂടാരം കയറിയതോടെ ആറ് റൺസകലെ വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here