കൊച്ചി: ഇനി മിനിറ്റുകൾ കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിച്ചാണ് പേര് ചേർക്കാൻ സാധിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച മുൻപ് വരെ പേര് ചേർക്കാനാകും. 2024 ജനുവരിയിൽ 18 വയസായവർക്കാണ് ആപ്പിലൂടെ വേഗം അപേക്ഷിക്കാനാവുക.
ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ നൽകുമ്പോൾ ഒരു ഒ ടി പി ലഭിക്കും. ഈ ഒ ടി പി സ്വീകരിച്ച് പാസ്‍വേഡ് ഉണ്ടാക്കാം. രജിസ്ട്രേഷനിലേക്ക് കടക്കും മുൻപ് തന്നെ വോട്ടറുടെ പേരും വിലാസവും ജനന തീയതിയും തെളിയിക്കുന്ന രേഖകൾ നൽകേണ്ടതുണ്ട്. കൂടാതെ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും അപ്‍ലോഡ് ചെയ്യണം. കുടുംബത്തിലെ ഒരാളുടെ വോട്ടർ ഐഡി നമ്പരും ആവശ്യമാണ്.
ജനന തീയതിക്ക് സ്കൂൾ സർട്ടിഫിക്കറ്റോ പാസ്പോർട്ടോ നൽകാം. വിലാസം നൽകാൻ ആധാർ കാർഡോ ഫോൺ ബില്ലോ പാചക വാതക ബില്ലോ സമർപ്പിക്കാവുന്നതാണ്. ആപ്പിൽ ചോദിച്ചിട്ടുള്ള രേഖകളെല്ലാം അപ്‍ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഒരു റഫറൻസ് ഐ ഡി കൂടി ലഭിക്കും. ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ പ്രദേശത്തുള്ള ബി എൽ ഒയ്ക്ക് കൈമാറുന്നതാണ്. ബി എൽ ഒ വീട്ടിലെത്തി വിവരങ്ങൾ പരിശോധിക്കുന്നതോടെ വോട്ടർ പട്ടികയിൽ ഇടംനേടാനാകും.