ആശ്വാസം! 6 മാസമായി മുടങ്ങിയ ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു

0
189

കൊല്ലം: സംസ്ഥാനത്ത് ആറു മാസമായി മുടങ്ങിക്കിടന്ന ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മുഖേനെ ആര്‍സി ബുക്കുകളും ലൈസന്‍സുകളും വീടുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിന്‍റെ പ്രിൻറിംഗ് മാസങ്ങള്‍ക്ക് മുമ്പ് നിലച്ചത്. കരാർ കമ്പനിക്ക് ഒൻപത് കോടി കടമായതോടെയാണ് പ്രിൻറിംഗ് നിർത്തിയത്.

ടെസ്റ്റ് പാസായിട്ടും ലൈസൻസ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്. ലൈസന്‍സും ആര്‍സി ബുക്കും കിട്ടാത്തതിനാല്‍ വാഹനം ഓടിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ആളുകള്‍. പ്രിന്‍റിങ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രിന്‍റിങ് മുടങ്ങിയത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പലതവണയായി വാര്‍ത്തയും വന്നിരുന്നു. മാസങ്ങളായി ലൈസന്‍സിന് പണം അടച്ചിട്ടും ലഭിക്കാത്തവര്‍ നിരവധിയാണ്. ഒരു പൊതുമേഖല സ്ഥാപനത്തിനാണ് ലൈസൻസ് അച്ചടിക്കാൻ സർക്കാർ കരാർ നൽകിയത്.

കൊച്ചിയിൽ ലൈസൻസും ആർസി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് ഒൻപത് കോടിയാണ് നിലവിലെ കുടിശ്ശിക. സർക്കാർ പണം നൽകാത്തിനാൽ ഒക്ടോബർ മുതൽ അച്ചടി നിർത്തി. ഇതിനിടെ പോസ്റ്റൽ വകുപ്പിനും കടമായി. ഏഴു കോടി. അച്ചടിച്ചിറക്കിയ ലൈസൻസുകള്‍ അയക്കാൻ പോസ്റ്റൽ വകുപ്പും തയ്യാറായില്ല. 7 കോടി പോസ്റ്റൽ വകുപ്പിന് അടുത്തിടെ നൽകിയിരുന്നു. എന്നാല്‍, കരാറുകാരന് പണം ധനവകുപ്പ് നൽകാതായതോടെയാണ് പ്രിന്‍റിങ് നിലച്ചത്. നിലവിലെ ലൈസൻസിന് പകരം പുതിയ സ്മാർട്ട് കാർഡിലേക്ക് മാറാൻ 200 രൂപ അടയ്ക്കണം, പുതിയ ലൈസൻസിനാണെങ്കിൽ 1005 രൂപ. തപാലിലെത്താൻ 45 രൂപ വേറെയും നൽകണം. കരാറുകാരന് കുടിശിക നല്‍കാൻ തീരുമാനയതോടെയാണ് പ്രിന്‍റിങ് പുനരാരംഭിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here