‘രാജിവയ്ക്കില്ല, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കും’; ദില്ലിയിലാകെ കനത്ത പ്രതിഷേധം, നിരോധനാജ്ഞയും പ്രഖ്യാപിച്ചു

0
269

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്ത്. കെജ്രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ആം ആദ്മമി പാര്‍ട്ടിയുടെ പ്രതികരണം. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എ എ പി നേതാക്കൾ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ എ എ പി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അതിശക്തമായ പ്രതിഷേധമുയർത്തി എ എ പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാൽ മാത്രമേ അരവിന്ദ് കെജ്രിവാളിനെ ഇ ഡി സംഘത്തിന് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. വിവിധയിടങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ അറസ്റ്റ് നടപടികളിലേക്കാണ് ദില്ലി പൊലീസ് കടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം വിവാദമായ ദില്ലി മദ്യ നയ കേസിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ ഇ ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുഖ്യമന്ത്രി ആണ് കെജ്‌രിവാൾ. നേരത്തെ ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here