ഗുണ്ടാത്തലവനും ഉത്തർപ്രദേശ് മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അൻസാരിയെ ജയിൽ അധികൃതർ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അൻസാരി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അൻസാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അൻസാരി 2005 മുതൽ സംസ്ഥാനത്തും പഞ്ചാബിലും ജയിലിൽ കഴിയുകയായിരുന്നു. അന്‍സാരി കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അറുപതില്‍ അധികം കേസുകളാണ് അന്‍സാരിയുടെ പേരിലുള്ളത്. എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് അന്‍സാരി ജയിലിലായത്.
ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടാത്തലവന്‍മാരുടെ ലിസ്റ്റില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ട്. രണ്ട് തവണ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമാണ് അന്‍സാരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പിതാവിന്റെ മരണം ഹൃദയാഘാതമല്ലെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാരോപിച്ച് മകൻ ഉമന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. തങ്ങള്‍ വിവരം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. കഴിഞ്ഞ ദിവസം മുമ്പ് താൻ പിതാവിനെ കാണാൻ ജയിലിലെത്തിയിരുന്നു. പക്ഷെ ജയില്‍ അധികൃതര്‍ അനുവാദം നിഷേധിച്ചു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും മകൻ ഉമന്‍ അൻസാരി വ്യക്തമാക്കിയിരുന്നു.