ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് പാർട്ടികളും മുന്നണികളുമെല്ലാം. അതിൽ തന്നെ 400 ലധികം സീറ്റ് ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ബിജെപിയിൽ, സീറ്റ് മോഹികളുടെ എണ്ണം പതിവിലും അധികമാണ്. പല സംസ്ഥാനങ്ങളിലായി നിരവധി സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം അതിനാൽ തന്നെ കീറാമുട്ടിയായി നിൽക്കുകയാണ്. ഇതിനിടെ ആന്ധ്രപ്രദേശിൽ നിന്നുള്ള അര ഡസനോളം നേതാക്കൾ ദില്ലിയിലെത്തിയിട്ടുണ്ട്. എല്ലാവർക്കും ഒരേ ആവശ്യം, വിജയനഗരം സീറ്റ്.
സംസ്ഥാനത്ത് തെലുഗുദേശം പാർട്ടി ബിജെപിക്ക് മത്സരിക്കാനായി മാറ്റിവച്ച വിജയനഗരം സീറ്റിനായാണ് ആവശ്യക്കാർ ദില്ലിയിലെത്തിയിരിക്കുന്നത്. തങ്ങളുടെ മുതിർന്ന നേതാക്കൾ പി അശോക് ഗജപതി റാവുവും കല വെങ്കിട്ട റാവുവും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ടിഡിപി തങ്ങൾക്ക് മികച്ച സ്വാധീനമുള്ള സീറ്റ് ബിജെപിക്കായി നീക്കിവച്ചിരിക്കുന്നതെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വമാകട്ടെ ഇവിടെ മത്സരിച്ചാൽ ജയസാധ്യതയുള്ള ആറ് പേരുകളാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ബിജെപി രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സാഗി വിശ്വനാഥ രാജു, മുൻ എംഎൽസി പിവിഎൻ മാധവ്, ബിജെപി വിജയനഗരം ജില്ലാ പ്രസിഡന്റ് നദുകുദിതി ഈശ്വര റാവു, ബിജെപി മുൻ സംസ്ഥാന ട്രഷറർ പകലപതി സന്യാസി രാജു, പൾസസ് സിഇഒ ഗദേല ശ്രീനിബാബു എന്നിവരാണ് മണ്ഡലത്തിൽ മികച്ച ബിജെപി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.
പട്ടികയിൽ തങ്ങളുടെ പേരുണ്ടെന്ന് അറിഞ്ഞ ഉടൻ തന്നെ ആറ് നേതാക്കളും സീറ്റുറപ്പിക്കാൻ ദില്ലിയിലേക്ക് പാഞ്ഞു. നരസിംഹ റാവുവിനാണ് സ്ഥാനാർത്ഥിയാകാൻ സാധ്യത കൂടുതൽ. മുൻപ് ജില്ലയുടെ ചുമതല വഹിച്ച പാർട്ടി നേതാവെന്നതും 26 വർഷത്തെ തൻ്റെ പാർട്ടി പ്രവർത്തന ചരിത്രവും വിശ്വനാഥ രാജു നേട്ടമായി ഉയർത്തിക്കാട്ടും. മുൻപ് വിജയനഗരം അടക്കമുള്ള മേഖലയെ ആറ് വർഷം പ്രതിനിധീകരിച്ച എംഎൽസി എന്നതാണ് മാധവ് തൻ്റെ നേട്ടമായി പറയുന്നത്. എന്നാൽ ഈശ്വര റാവുവിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പ്രവർത്തകരിൽ ഒരു വിഭാഗം തന്നെ രംഗത്ത് വന്നിട്ടുണ്ട്. സന്യാസി രാജുവിനാകട്ടെ ആർഎസ്എസിൻ്റെ പിൻബലമുണ്ട്. ഇദ്ദേഹം 2019 ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
തുർപ് കാപു സമുദായ അംഗമെന്നത് ഗെദേല ശ്രിനുബാബു സീറ്റ് ആവശ്യപ്പെടാനുള്ള പ്രധാന കാരണമായി സംസ്ഥാന ബിജെപി അധ്യക്ഷ ഡി പുരന്ദരേശ്വരിക്ക് മുന്നിൽ ഉയർത്തിക്കാട്ടി. പാർട്ടി മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലും മറ്റ് സമുദായക്കാർ ആണെന്നതും വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്ന നാല് പേർ തൻ്റെ സമുദായത്തിൽ നിന്നുള്ളതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിജെപി പാർലമെൻ്ററി ബോർഡിന് മുന്നിൽ ചുരുക്കപ്പട്ടികയിലുള്ളവരുടെ നേട്ടങ്ങളും കോട്ടങ്ങളും പുരന്ദരേശ്വരി വിശദീകരിക്കും. അടുത്ത 2 ദിവസത്തിനുള്ളിൽ ഇവിടുത്തെ സ്ഥാനാർത്ഥിയെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചേക്കും.