എന്താണ് തപാൽ വോട്ട് അഥവാ പോസ്റ്റല്‍ വോട്ട്? ആർക്കൊക്കെ ചെയ്യാം, മുതിർന്നവർക്കും അവസരം; അറിയേണ്ടതെല്ലാം

0
131

ദില്ലി: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് 2024 ഏഴ് ഘട്ടമായി നടക്കാനിരിക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും നമ്മള്‍ കേള്‍ക്കുന്ന പേരാണ് പോസ്റ്റല്‍ വോട്ട്/തപാല്‍ വോട്ട് എന്നത്. എണ്ണല്‍ ഘട്ടത്തില്‍ ആദ്യ എണ്ണുന്ന വോട്ടുകളുടെ കൂട്ടത്തിലുള്ള പോസ്റ്റല്‍ വോട്ട് എന്താണ് എന്ന് പലർക്കും അറിയാനിടയില്ല. തപാല്‍ വോട്ട് എന്താണ് എന്ന് നോക്കാം.

മാധ്യമപ്രവർത്തകർ, അവശ്യ സർവീസ് ജോലിക്കാർ (റെയില്‍വേ, പോസ്റ്റല്‍ സർവീസ് തുടങ്ങിയവ…), 80 വയസിന് മുകളില്‍ പ്രായമുള്ള മുതിർന്ന പൗരന്‍മാർ, കൊവിഡ് രോഗികള്‍, ഭിന്നശേഷിക്കാർ എന്നിവർക്കാണ് പോസ്റ്റല്‍ വോട്ട് സംവിധാനം ഉപയോഗിക്കാന്‍ കഴിയുക എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവർ ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന് ഫോം 12D ഡൗണ്‍ലോഡ് ചെയ്യുകയോ ബൂത്ത് ലെവല്‍ ഓഫീസർമാരില്‍ (BLO) നിന്ന് പകർപ്പ് കൈപ്പറ്റുകയോ വേണം. ഈ ഫോം കൃത്യമായി പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസർക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ സമ്മതിദായകർ സമർപ്പിക്കുകയാണ് വേണ്ടത്.

കൊവിഡ് രോഗികള്‍ രോഗവിവരം തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോർട്ട് 12D ഫോമിനൊപ്പം സമർപ്പിക്കണം. ഭിന്നശേഷി തെളിയിക്കുന്ന സർക്കാർ രേഖ ഭിന്നശേഷിക്കാർ സമർപ്പിക്കേണ്ടതുണ്ട്. സമർപ്പിക്കുന്ന ഫോം സൂക്ഷമമായി പരിശോധിക്കും. രഹസ്യാത്മകതയോടെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സും ലഭ്യമാക്കും. പോളിംഗ് ദിനത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് സാധാരണ ഗതിയില്‍ ഒരു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുക. തപാൽ വോട്ടുകൾ സമാഹരിക്കാനോ അതിലിടപെടാനോ രാഷ്ട്രീയ പാർട്ടിക്കള്‍ക്കും മുന്നണികള്‍ക്കും അവകാശമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here