കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനായി 40 അംഗ പട്ടികയാണ് പാർട്ടി പ്രസിദ്ധീകരിച്ചത്. പാർട്ടി തലവയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ക്രിക്കറ്റർമാരായ യൂസഫ് പത്താന്‍, മനോജ് തിവാരി എന്നിവരാണ് പട്ടികയിലെ ശ്രദ്ധേയ മുഖങ്ങള്‍.
ക്രിക്കറ്റർമാരെ ഇറക്കി ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം മുറുക്കുകയാണ് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്ററും ബെഹ്റാംപൂരിലെ സ്ഥാനാർഥിയുമായ യൂസഫ് പത്താനാണ് ഇവരിലൊരാള്‍. ടീം ഇന്ത്യയുടെ മാച്ച് വിന്നറായ യൂസഫ് തെരഞ്ഞെടുപ്പിന്‍റെ ക്രീസില്‍ വിജയിക്കുമോ എന്നതാണ് ആകാംക്ഷ. 2021ല്‍ തൃണമൂലിലെത്തിയ മറ്റൊരു ഇന്ത്യന്‍ മുന്‍ ക്രിക്കറ്റർ മനോജ് തിവാരിയും പ്രചാരണത്തില്‍ സജീവമാകും. നിലവില്‍ ബംഗാളിലെ എംഎല്‍എയായ അദേഹം മൂന്നാം മമതാ സർക്കാരിലെ കായിക, യുവജനകാര്യ മന്ത്രി കൂടിയാണ്. മറ്റൊരു ഇന്ത്യന്‍ മുന്‍ ക്രിക്കറ്ററായ കീർത്തി ആസാദും തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട് എങ്കിലും സ്റ്റാർ ക്യാംപയിന്‍മാരുടെ പട്ടികയില്‍ പേരില്ല. ബർധമാന്‍-ദുർഘാപൂർ മണ്ഡലത്തിലാണ് ആസാദ് മത്സരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അഭിഷേക് ബാനർജി, സുബ്രതാ ബാക്ഷി, പാർട്ടി ലോക്സഭ നേതാവ് സുധീപ് ബദ്ധോപാധ്യായ്, സ്നേഹാശിഷ് ചക്രവർത്തി, കുണാല്‍ ഘോഷ്, സൗഗത റോയ്, കല്യാണ്‍ ബാനർജി, സമീർ ചക്രവർത്തി തുടങ്ങിയവർ 40 അംഗ താരപ്രചാരകരുടെ പട്ടികയിലുണ്ട്. ഇവരില്‍ മമതയും ബാക്ഷിയും ഒഴികെയുള്ളവരെല്ലാം സിറ്റിംഗ് എംപിമാരും ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുമാണ്.
List of Star Campaigners of All India Trinamool Congress for West Bengal (Phase -I) in connection with the ensuing General Election to the House of the People, 2024. pic.twitter.com/LxiMNo8Acf
— All India Trinamool Congress (@AITCofficial) March 26, 2024