കാസര്‍കോട്: ഇടത് ഇടമെന്ന വിശേഷണമുള്ള ലോക്‌സഭ മണ്ഡലമായിരുന്നു ദീര്‍ഘകാലം കാസര്‍കോട്. എകെജിയില്‍ തുടങ്ങി പി കരുണാകരന്‍ വരെ അത് നീണ്ടു. എന്നാല്‍ ഏറെക്കാലത്തിന് ശേഷം 2019ല്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഈ ചരിത്രം മാറ്റിയെഴുതി. യുഡിഎഫിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും കാസര്‍കോട് മത്സരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ?
ലോക്‌സഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി കരുണാകരന് പകരം 2019ല്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ കെ പി സതീഷ് ചന്ദ്രനാണ് സിപിഎമ്മിനായി മത്സരിച്ചത്. അതേസമയം കോണ്‍ഗ്രസ് അതിഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോടേക്ക് അയച്ചു. പ്രചാരണരംഗത്ത് തുടക്കത്തില്‍ അസ്വാരസ്യങ്ങളുണ്ടായി എങ്കിലും ഉണ്ണിത്താന്‍ അണികള്‍ക്കിടയില്‍ പ്രിയങ്കരനായ ‘ഉണ്ണിച്ച’ ആയി മാറിയപ്പോള്‍ കാസര്‍കോടിന്‍റെ തെരഞ്ഞെടുപ്പ് ചിത്രം മാറി. അതിഥിയായി മണ്ഡലത്തിലെത്തിയ ഉണ്ണിത്താന്‍ അതിഥിതാരമായി. ഇടത് കോട്ടയായിരുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസിലേക്ക് ചാഞ്ഞു.
2019ല്‍ 80.65 എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയ കാസര്‍കോട് മണ്ഡലത്തില്‍ 10,91,752 വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിച്ചു. സിപിഎം അടിമുടി ഉലഞ്ഞ 2019ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലം രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന് 474,961 ഉം, രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന്‍റെ കെ പി സതീഷ് ചന്ദ്രന് 4,34,523 ഉം വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ഠാറിന് കിട്ടിയത് 1,76,049 വോട്ടുകള്‍.
2014നേക്കാള്‍ വോട്ടര്‍മാരും വോട്ടിംഗ് ശതമാനവും 2019ല്‍ കാസര്‍കോട് മണ്ഡലത്തില്‍ ഉണ്ടായപ്പോള്‍ അതിന്‍റെ പ്രയോജനം രാജ്‌മോഹന്‍ ഉണ്ണിത്താന് ലഭിച്ചെന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്. ഇതോടെ 2014ല്‍ പി കരുണാകരന്‍ പിടിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സതീഷ് ചന്ദ്രന്‍ പിടിച്ചിട്ടും സിപിഎം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 2014ല്‍ 6,921 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു പി കരുണാകരന്‍റെ ജയം. കോണ്‍ഗ്രസിന് ടി സിദിഖും ബിജെപിക്ക് കെ സുരേന്ദ്രനുമായിരുന്നു അക്കുറി സ്ഥാനാര്‍ഥികള്‍. അതിന് മുമ്പ് പി കരുണാകരന് കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 2009ല്‍ 64,427 ഉം, 2004ല്‍ 1,08,256 ഉം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. കാസര്‍കോട് സിപിഎമ്മിന്‍റെ ഭൂരിപക്ഷം കുറഞ്ഞുവരികയായിരുന്നു എന്ന് വ്യക്തം.
ഇക്കുറി എം വി ബാലകൃഷ്‌ണന്‍ മാസ്റ്ററിലൂടെ കാസര്‍കോട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ് സിപിഎം. അതേസമയം മണ്ഡലം നിലനിര്‍ത്തുക ലക്ഷ്യമിട്ട് കോണ്‍ഗ്രസിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും മത്സരിക്കുന്നു. ബിജെപിയാവട്ടെ എം എല്‍ അശ്വിനിയേയാണ് ഇത്തവണ പോര്‍ക്കളത്തിലേക്ക് അയച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരവും കാസര്‍കോടും ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലവും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലം. ഇവിടെ ഏഴില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളും കയ്യിലുള്ളതിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.