മഞ്ചേശ്വരത്ത് ബിജെപിയിൽ തര്‍ക്കം രൂക്ഷം; എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് ഒരു വിഭാഗം

0
239

കാസര്‍കോട്: മഞ്ചേശ്വരം ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ശില്പശാലയടക്കം തടസപ്പെട്ടു. ഒരു വിഭാഗം പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതോടെ കാസര്‍കോട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കില്ലെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചു.

മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തക ശില്പശാല വിളിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിക്കായുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഏകോപിപ്പിക്കാനുമായിരുന്നു ഇത്. എന്നാൽ ശില്പശാല തുടങ്ങും മുമ്പേ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പരാതി വാക്കുതര്‍ക്കത്തിലേക്ക് വഴിമാറി. ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് സുധാമ ഗോസാഡയോട് രൂക്ഷമായ ഭാഷയിലാണ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടത്. ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന നിലപാട് തിരുത്തിയില്ലെങ്കില്‍ അശ്വിനിക്കായി പ്രവര്‍ത്തിക്കാന്‍ ആരും ഇറങ്ങില്ലെന്ന് ഇവര്‍ തീര്‍ത്തു പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധിച്ചത്.

പ്രതിഷേധം ശക്തമായതോടെ ശില്പശാല നടത്താനാവാതെ ഉപേക്ഷിച്ചു. 2022 ഫെബ്രുവരിയില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നത് വരെയെത്തിയ പ്രതിഷേധത്തോടെയാണ് പാര്‍‍ട്ടിയിലെ ഉൾപ്പോര് പരസ്യമായത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പാര്‍ട്ടിയിലെ അസംതൃപ്ത വിഭാഗത്തെ എത്രയും വേഗം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here