ഒരു വർഷത്തെ ബില്ല് മുൻകൂറായി അടച്ചാൽ ലഭിക്കുന്നത് വമ്പൻ ഇളവ്, പുതിയ നീക്കവുമായി വൈദ്യുതി വകുപ്പ്

0
218

തിരുവനന്തപുരം: ‘ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’ -വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും.

സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള സ്കീം തയ്യാറാക്കാൻ സർക്കാർ അനുവാദം നൽകി.

വൈദ്യുതിമേഖലയിലെയും ബോർഡിന്റെയും പ്രശ്നങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് ബോർഡ് ഈ നിർദേശം മുന്നോട്ടുവെച്ചത്.

നിലവിൽ ആറുമാസത്തെ പണം അടച്ചാൽ അതിന് ബോർഡ് രണ്ടുശതമാനം പലിശ കണക്കാക്കും. ഒരുവർഷത്തേതിന് നാലുശതമാനവും. പലിശകൂട്ടി ഈ രീതി വ്യാപകമാക്കാനാണ് തീരുമാനം. വാണിജ്യ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ വാഗ്ദാനംചെയ്താൽ മുൻകൂർ പണം അടയ്ക്കാൻ കൂടുതൽപ്പേർ തയ്യാറാകുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ഈ പലിശത്തുക ബില്ലിൽ കുറയ്ക്കും.

ബാങ്ക് നിക്ഷേപത്തിന്റെ പലിശ ഉപഭോക്താവിന് നൽകിയാലും പുറത്തുനിന്ന് വായ്പ എടുക്കുന്നതിനെക്കാൾ കുറഞ്ഞചെലവിൽ ബോർഡിന് പണം കിട്ടുമെന്നതാണ് ഇതിന്റെ പ്രയോജനം.

മുൻവർഷത്തെ ബില്ലുകളുടെ ശരാശരിയെടുത്താണ് ഒരു വർഷത്തേക്ക് മുൻകൂറായി വാങ്ങേണ്ട പണം കണക്കാക്കുക. ഓരോ രണ്ടുമാസത്തെയും ബിൽ തുക ഇതിൽനിന്ന് തട്ടിക്കിഴിക്കും. ശേഷിക്കുന്ന തുകയെത്ര എന്ന് ഓരോ ബില്ലിലും അറിയിക്കും. അക്കൗണ്ടിൽ മതിയായ തുകയുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ വരവുവെക്കും. കുറവാണെങ്കിൽ ഉപഭോക്താവ് നൽകണം.

നാലാംദിവസവും 10 കോടി യൂണിറ്റിനുമുകളിൽ

വൈദ്യുതി ഉപഭോഗം തുടർച്ചയായ നാലാംദിവസവും 10 കോടി യൂണിറ്റിന് മുകളിലാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിൽ ദിവസംതോറും പുതിയ റെക്കോഡ് പിറക്കുന്നു.

വ്യാഴാഴ്ച 10.15 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. 11 മുതൽ 10 കോടി യൂണിറ്റിന് മുകളിലാണ്. വ്യാഴാഴ്ച വൈകുന്നേരം 5076 മെഗാവാട്ട് ആയിരുന്നു സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത. ഇത് സർവകാല റെക്കോഡാണ്.

LEAVE A REPLY

Please enter your comment!
Please enter your name here