റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽനിന്ന് ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ച തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ് മുഹമ്മദ് കാസിമിെൻറ (43) മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥെൻറ വീട്ടിൽ ൈഡ്രവറായിരുന്ന നഹാസ് ഫെബ്രുവരി 10 നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് അന്ന് രാത്രി 12നുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.
അതിന് നാലുദിവസം മുമ്പ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും എക്സലേറ്ററിൽ മറിഞ്ഞുവീണ് മുഖത്ത് പരിക്കേറ്റതിനാൽ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്ചയിൽ പൊട്ടിയ ചുണ്ടിന് ശസ്ത്രക്രിയ നടത്തി യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയായപ്പോഴാണ് വീണ്ടും ടിക്കറ്റ് ശരിയാക്കിയത്. രണ്ട് വർഷം മുമ്പ് മൂത്തമകൻ ബൈക്ക് അപകടത്തിൽ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു നഹാസ്. അതുകൊണ്ട് തന്നെ തൊഴിലുടമയും സുഹൃത്തുക്കളും പ്രത്യേകം കരുതൽ നൽകിയിരുന്നു.
സുഹൃത്തുക്കൾ എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു. യാത്ര ചെയ്യേണ്ട ദിവസം ഇദ്ദേഹം പകൽ ഉറങ്ങാൻ കിടന്നതിനാൽ ശല്യപ്പെടുത്താതെ വിമാനത്താവളത്തിലേക്ക് പോകാൻ സമയമാകുമ്പോൾ വരാമെന്ന ധാരണയിൽ സുഹൃത്തുക്കൾ സ്വന്തം താമസസ്ഥലങ്ങളിലേക്ക് പോവുകയായിരുന്നു. സമയമായപ്പോൾ സുഹൃത്തുക്കൾ വന്നുനോക്കുമ്പോൾ രക്തം ഛർദ്ദിച്ച് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അരാംകോ മെഡിക്കൽ സംഘം പോസ്റ്റുമോർട്ടത്തിന് നിർദേശിച്ചു. ഇതിെൻറ റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തോളം സമയമെടുത്തത്. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഷാജിറയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.