കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത്തല യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യിൽ ചേർന്നു. ബുധനാഴ്ച കാഞ്ഞങ്ങാട് നടന്ന എൻ.ഡി.എ. മണ്ഡലം കൺവെൻഷനിൽ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കഴിഞ്ഞ ദിവസം വരെ രാജ്‌മോഹൻ ഉണ്ണിത്താന് വേണ്ടി വോട്ടഭ്യർഥിച്ചിരുന്നു അദ്ദേഹം. ഒരു മാസം മുൻപുവരെ കോൺഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റായിരുന്നു. കോൺഗ്രസിന്റെ സമരാഗ്നിയാത്രയ്ക്ക് ഫണ്ട് പിരിച്ചു നൽകിയില്ലെന്ന കാരണത്തിൽ ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. രണ്ടു ദിവസം മുൻപ് ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി.സുരേഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് ഉമേശൻ ബേളൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയിൽ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചത്. കോൺഗ്രസ് നേതാവ് എ. നാരായണനാണ് ചെയർമാൻ.
കഴിഞ്ഞ നാലു പതിറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തനിക്ക് ഒടുവിൽ അവഗണനയാണ് കിട്ടിയതെന്നും അതിനാലാണ് മാറി ചിന്തിച്ചതെന്നും മൊയ്തീൻ കുഞ്ഞി പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയാണ് മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യിലേക്കു പോയതെന്നും അദ്ദേഹത്തിന് കോൺഗ്രസിനോട് കൂറില്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. സി.പി.എമ്മിന്റെ കോട്ടയാണ് മടിക്കൈഗ്രാമം. കോൺഗ്രസിന് ആകെയുള്ളത് 14 ബൂത്തുകമ്മിറ്റികളാണ്.