ഐപിഎല്‍ 17ാം സീസണ്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തിരിച്ചടികളുടെ കാലമാണ്. കളിച്ച മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട അവര്‍ സ്വന്തം ആരാധകരുടെ തന്നെ അവമതിപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മയില്‍നിന്നും നായകസ്ഥാനം എടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചത് മുതല്‍ ടീമിന് മൊത്തത്തില്‍ കഷ്ടകാലമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
രാഹിത്തിനെ ക്യാപ്റ്റന്‍സി തിരികെ ഏല്‍പ്പിക്കാന്‍ മുംബൈ ടീം മാനേജ്മെന്റിനുള്ളില്‍ ചര്‍ച്ച നടന്നു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നായകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് രോഹിത്തുമായി ചര്‍ച്ച ചെയ്യാനും പറഞ്ഞു സമ്മതിപ്പിക്കാനും ടീം മാനേജ്മെന്ററിലെ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇയാള്‍ രോഹിത്തുമായി ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായതെന്നാണ് അറിയുന്നത്.
ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ഹിറ്റ്മാന്‍ അറിയിച്ചതെന്നാണ് എക്സിലൂടെ മാധ്യമപ്രവര്‍ത്തകയായ റുഷി പുറത്തുവിട്ടിട്ടുള്ളത്. ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. പക്ഷെ ഇതില്‍ എത്രത്തോളം ആധികാരികതയുണ്ടെന്ന് വ്യക്തമല്ല.
അഞ്ച് വട്ടം മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ കൊണ്ടുവന്നത് ക്യാപ്റ്റനാക്കിയത് ആരാധകര്‍ക്ക് തീരെ പിടിച്ചിരുന്നില്ല. ഐപിഎല്ലിന് മുമ്പേ തന്നെ മുംബൈ ആരാധകര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം വ്യക്തമാക്കിയിരുന്നു.
കളിക്കളത്തില്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയോട് തീരെ ബഹുമാനം കാണിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ആദ്യത്തെ തോല്‍വിക്ക് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ടാമത്തെ തോല്‍വിയോടെ ഇത് കൂടുതല്‍ വഷളായെന്നാണ് വിവരം.