ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, നിര്‍ണായക വിവരം പുറത്ത്

0
152

ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുകയാണ്. 2024ലെ ടി20 ലോകകപ്പിനുള്ള ടീമിനെ ഇതുവരെ ഒരു ടീമും പ്രഖ്യാപിച്ചിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി മെയ് ഒന്നാണ്. സ്പോര്‍ട്സ് ടാക്കിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഐസിസി മെയ് 1 ആണ് ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. എന്നിരുന്നാലും, മെയ് 25 വരെ ടീമുകള്‍ക്ക് അവരുടെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കും.

മെയ് 25ന് ശേഷം ടീമില്‍ മാറ്റമുണ്ടെങ്കില്‍ ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ലോകകപ്പിലേക്കുള്ള വരവ് അനുസരിച്ച് ടീമുകള്‍ക്ക് രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 2 മുതല്‍ 29 വരെയാണ് ടൂര്‍ണമെന്റ്. ഇതിനായി 20 ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പര്‍ എട്ടിലെ ഓരോ ഗ്രൂപ്പില്‍ നിന്നുമുള്ള രണ്ട് മുന്‍നിര ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും.

2024ലെ ഐസിസി ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ ടീം ഇന്ത്യയെ നയിക്കുമെന്ന് ഈ മാസം ആദ്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. ”2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നമ്മള്‍ തോറ്റിരിക്കാം. എന്നാല്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ച് നമ്മള്‍ ഹൃദയം കീഴടക്കി. ബാര്‍ബഡോസില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2024 ടി20 ലോകകപ്പ് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്” നിരഞ്ജന്‍ ഷാ സ്റ്റേഡിയം അനാച്ഛാദന വേളയില്‍ ജയ് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here