പുകവലിക്കുന്നവരിൽ പക്ഷാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

0
211

പുകവലിയുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം ചർച്ചകളും ​ഗവേഷണങ്ങളുമൊക്കെ നടക്കാറുണ്ട്. ഇപ്പോഴിതാ പുകവലിശീലവും പക്ഷാഘാതസാധ്യതയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണെന്നും അതിൽതന്നെയും ഇഷ്കെമിക് സ്ട്രോക്കിനുള്ള സാധ്യതയാണ് കൂടുതലെന്നുമാണ് പഠനത്തിൽ പറയുന്നത്. ബെം​ഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ​ഗവേഷകരുൾപ്പെടെ പങ്കാളികളായ ഇന്റർനാഷണൽ പഠനത്തിലാണ് ഈ കണ്ടുപിടുത്തം.

ഫിൽറ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സി​ഗരറ്റുകൾ പക്ഷാഘാതസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ആഴ്ച്ചയിൽ പത്തുമണിക്കൂറിലേറെ പാസീവ് സ്മോക്കിങ്ങിലൂടെ( പുകവലിക്കുന്നവരുടെ സമീപത്തുനിന്ന് പുക ശ്വസിക്കുന്ന അവസ്ഥ) കടന്നുപോകുന്നവരിലും പക്ഷാഘാതസാധ്യത ഇരട്ടിയാണെന്നും പഠനത്തിലുണ്ട്. ദിവസത്തിൽ ഇരുപതു സി​ഗരറ്റിലേറെ വലിക്കുന്ന അമ്പതു വയസ്സിനുതാഴെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത വർധിക്കുന്ന റിപ്പോർട്ടുകൾ ഏറെയും പുറത്തുവരുന്നത് പശ്ചിമ യൂറോപ്യൻ മേഖലയിൽ നിന്നും നോർത്ത് അമേരിക്കയിൽ നിന്നുമാണെന്നും പഠനത്തിലുണ്ട്. പുകവലിയിക്കാർക്കിടയിലെ പക്ഷാഘാതറിപ്പോർട്ടുകൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് കൂടുതലെന്നും അതിൽ തന്നെയും ചെറുപ്പക്കാർക്കിടയിലാണ് കൂടിവരുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്.

പുകവലി കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുന്നതാണ് പഠനമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. യുവാക്കൾക്കിടയിൽ പുകവലി നിർത്താനുള്ള പദ്ധതികൾ അവതരിപ്പിക്കേണ്ടതും പ്രധാനമാണെന്ന് ​ഗവേഷകർ പറയുന്നു.

എന്താണ് സ്ട്രോക്ക്?

മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇസ്കെമിക് സ്ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്ട്രോക് എന്ന് വിളിക്കുന്നു

പുകവലി ഉപേക്ഷിക്കാൻ ചില പൊടിക്കൈകൾ

നിക്കോട്ടിന്‍ ആസക്തി അധികമാവുമ്പോള്‍ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ നടക്കാന്‍ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാല്‍ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗര്‍ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തില്‍ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.

പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ട്രിഗറുകള്‍ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍നിന്ന് ഒഴിവാകാന്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനില്‍ക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകള്‍ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാന്‍ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങള്‍ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊകക്കെ വളരെയധികം ഉപകാരപ്രദമാണ്.

നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാര്‍ഗം. നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ വിദ​​ഗ്ധ സഹായം തേടണം. പുകവലി ഉപേക്ഷിക്കല്‍ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here